രക്തരഹിത രക്തസാക്ഷിത്വം

 

രക്തരഹിത രക്തസാക്ഷിത്വം

സാക്ഷികളുടെ സമൂഹമാണു സഭ - രക്തസാക്ഷികളുടെ.

ആദിമ ക്രൈസ്തവ സഭയിലെ കഞ്ഞി വിളമ്പുകാര്‍ പോലും ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞവരായിരുന്നു. അപ്പസേ്താലന്മാര്‍ വചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ചു് ഭക്ഷണ മേശയിലെ ശുശ്രൂഷയ്ക്കു് പോകുന്നതു ഉചിതമല്ലെന്നറിഞ്ഞു് ഭക്ഷണ മേശയിലെ ശുശ്രൂഷയ്ക്കായി നിയമിയ്ക്കപ്പട്ടവരില്‍ ഒന്നാമനായിരുന്നു സേ്തഫാനോസ്. സേ്തഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞു് പല അത്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. (അ. പ്ര. 6: 8). അവന്‍ ന്യയാധിപസംഘത്തിന്റെ മുന്നില്‍ നടത്തിയ പ്രഭാഷണം ആത്മാവിന്റെ നിറവില്‍ നിന്നുകൊണ്ടുള്ളതായിരുന്നു. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു (അ. പ്ര. 6: 15). അവന്റെ ഭാഷ ശക്തമായിരുന്നു; വാക്കുകള്‍ മൂര്‍ച്ചയേറിയതും. ` അയാളുടെ നാവു് നന്നായിരുന്നെങ്കില്‍ കുറേക്കാലം കൂടി ജീവിച്ചിരിയ്ക്കാമായിരുന്നു.' എന്നു് സേ്തഫാനോസിന്റെ പ്രഭാഷണത്തെ എന്റെ ഒരു സുഹൃത്തു് വിലയിരുത്തിയതോര്‍ക്കുന്നു. ശരിയാണു്; അവന്റെ നേരേ കോപാക്രാന്തരായി പല്ലു കടിച്ചവരെ ന്യായീകരിക്കാന്‍ തക്ക വാക്കുകളാണു് സേ്തഫാനോസ് പറഞ്ഞു നിര്‍ത്തിയതു്. പക്ഷേ ഒരു പ്രവാചകന്‍ ദൈവത്തിന്റെ വികാരങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ ബാദ്ധ്യസ്ഥനാണു്. അവന്‍ ദൈവത്തിന്റെ വക്താവാണു്. ദൈവത്തിനു പകരം നിന്നുകൊണ്ടു് അവന്‍ സംസാരിയ്ക്കുകയാണു്. `അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു.' അവനു സന്ദേശത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല; വാക്കുകള്‍ മയപ്പെടുത്താനും. പക്ഷേ അതിന്റെ പരിണിതഫലം അനുഭവിയ്ക്കാനും പ്രവാചകന്‍ ബാദ്ധ്യസ്ഥനാണു്. `ആ മനുഷ്യന്‍ നീ തന്നെ.' എന്നു് ദാവീദു രാജാവിന്റെ നേരേ വിരല്‍ ചൂണ്ടി ഗര്‍ജ്ജിച്ച നാഥാന്‍ പ്രവാചകന്റെ തല തറയില്‍ ഉരുണ്ടില്ലെങ്കില്‍ അതു് ദാവീദിന്റെ നന്മ കൊണ്ടായിരുന്നു. പക്ഷേ, സഹോദര ഭാര്യയെ പൊറുപ്പിയ്ക്കുന്നതു തെറ്റാണെന്നു് പറഞ്ഞ സ്‌നാപകനു് തല നഷ്ടമാവുക തന്നെ ചെയ്തു. പക്ഷേ സേ്തഫാനോസ് ഇത്രയൊക്കെ പറഞ്ഞിട്ടും അവര്‍ അവന്റെ മേല്‍ കൈവച്ചില്ല. `ഇതാ സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗത്തു് നില്ക്കുന്നതും ഞാന്‍ കാണുന്നു' (അ. പ്ര.. 7: 5-6) എന്നു് അവന്‍ വിളിച്ചു പറഞ്ഞപ്പോഴാണു് അവര്‍ ചെവികള്‍ പൊത്തി ആക്രോശിച്ചു കൊണ്ടു് അവനെ പിടിച്ചു നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞതു്. അതെ, അത്ര കഠിനമായ തെറ്റാണു് സേ്തഫാനോസ് ചെയ്തതെന്നു് അവര്‍ കരുതി. പ്രശ്‌നം ദൈവദൂഷണമാണു്. ദൈവത്തെ ഒരുവനും കാണാന്‍ സാധിയ്ക്കില്ല; കണ്ടാല്‍ പിന്നെ ജീവിച്ചിരിയ്ക്കുകയുമില്ല. മോശയ്ക്കു പോലും ദൈവത്തിന്റെ ഒരു പുരോഭാഗദര്‍ശനമാണു് മിന്നായം പോലെ കിട്ടിയതു്. ഇപ്പോഴിതാ ഇവിടെ ഒരുവന്‍ ദൈവത്തെ നേരിട്ടു കാണുന്നു എന്നവകാശപ്പെടുന്നു. മാത്രമല്ല, ദൈവദോഷത്തിനു് ശിക്ഷിക്കപ്പെട്ടു് മരത്തില്‍ തൂക്കപ്പെട്ടു് ശപിക്കപ്പെട്ടവനായി മരിച്ച യേശു ദൈവത്തിന്റെ വലതു ഭാഗത്തു് നില്ക്കുന്നുവെന്നുകൂടി അവന്‍ ചേര്‍ത്തു പറഞ്ഞപ്പോള്‍ എല്ലാം പൂര്‍ത്തിയായി. ഇതാണു് അവിടെ സംഭവിച്ചതു്.

 

പക്ഷേ ഇതു് സംഭവിച്ചതിന്റെ ഒരു കാഴ്ചപ്പാടു മാത്രമാണു്. ഇതേ സംഭവത്തിനു മറ്റൊരു കാഴ്ചപ്പാടു കൂടിയുണ്ടു്. സേ്തഫാനോസിന്റെ പ്രഭാഷണം അവസ്സാനിക്കുമ്പോഴേയ്ക്കും കേള്‍വിക്കാര്‍ അവന്റെ നേരെ കോപാക്രാന്തരായി പല്ലുകടിച്ചു. പക്ഷേ സേ്തഫാനോസ് നോക്കിയതു് അവരുടെ മുഖത്തേയ്ക്കല്ല. അതുകൊണ്ടുതന്നെ അവരുടെ കാഴ്ചപ്പാടില്‍ അവന്‍ പങ്കു ചേര്‍ന്നുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ തനിയ്ക്കു ചുറ്റും കോപാക്രാന്തരായി പല്ലുകടിക്കുന്ന ജനക്കൂട്ടത്തെ കണ്ടു് അവന്‍ ഭയചകിതനായിത്തീരുമായിരുന്നു. ഇല്ല, അവന്‍ നോക്കിയതു് സ്വര്‍ഗ്ഗത്തിലേയ്ക്കായിരുന്നു. അതുകൊണ്ടു് മറ്റാരും കാണാത്ത മറ്റൊരു വശം, സംഭവത്തിന്റെ മറ്റൊരു കാഴ്ചപ്പാടു് അതു സേ്തഫാനോസിനു സ്വന്തമായി. സ്വര്‍ഗ്ഗം തുറന്നിരിയ്ക്കുന്നതും യേശു ദൈവത്തിന്റെ വലതുഭാഗത്തു് നില്ക്കുന്നതുമാണു് സേ്തഫാനോസ് കണ്ടതു്. യേശു സ്വര്‍ഗ്ഗത്തിലേയ്ക്കു് കരേറി ദൈവത്തിന്റെ വലതുഭാഗത്തു് ഇരിയ്ക്കുന്നു എന്നാണു് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുചൊല്ലുന്നതു്. വെളിപാടില്‍ കാണുന്ന സ്വര്‍ഗ്ഗദര്‍ശ്ശനത്തിലും യേശു ഇരിക്കുന്നു; സിംഹാസനസ്ഥനായിരിക്കുന്നു. ഇവിടെ, ഇവിടെ മാത്രം എന്തേ യേശു നില്ക്കുന്നതായി കാണപ്പെടുന്നു? അതിനുത്തരം തേടും മുമ്പു് ഒന്നു ചോദിക്കട്ടെ? യേശു നില്ക്കുന്നതായി കാണപ്പെടുന്നെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പിന്നെ ആരു കാണും ഇരിക്കുന്നതായി? അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നിരിക്കുന്നിരിക്കുന്നതും സ്വര്‍ഗ്ഗീയരൊന്നടക്കം എഴുന്നേറ്റു നില്ക്കുന്നതുമാണു് സേ്തഫാനോസ് കാണുന്നതു്. അതെ, തന്നെ കടിച്ചുകീറാന്‍ തനിയ്ക്കു ചുറ്റും തടിച്ചുകൂടുന്ന ജനക്കൂട്ടമല്ല, തന്നെ- സഭയുടെ ആദ്യ രക്തസാക്ഷിയെ- സ്വീകരിയ്ക്കാന്‍ തുറന്നിരിക്കുന്ന സ്വര്‍ഗ്ഗവും യേശുവിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘവുമാണു് സേ്തഫാനോസിന്റെ കണ്ണില്‍പ്പെട്ടതു്. ഇനി എത്രയും വേഗം അവിടെ എത്തിച്ചേരാനല്ലാതെ മറ്റെന്താണു് സേ്തഫാനോസിനു് ആഗ്രഹിയ്ക്കാനാവുക? അല്ല നിങ്ങളാണെങ്കിലും ഞാനാണെങ്കിലും അതല്ലേ ആഗ്രഹിക്കൂ? ഈ സ്വര്‍ഗ്ഗീയ ഭവനം ലക്ഷ്യമാക്കിയല്ലേ നാമീ അലയുന്നതും പാടപെടുന്നതും? അതിതാ തുറന്നിരിക്കുന്നു നമുക്കു നേരേ. ഇതാ പൂമാലയുമായി, താലപ്പൊലിയുമായി സ്വര്‍ഗ്ഗീയര്‍ കാത്തുനില്ക്കുന്നു. ഇനി വേറേ എന്തു വേണം? കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ എന്നു് സേ്തഫാനോസ് സമ്മതമറിയിച്ചതില്‍ അത്ഭുതമില്ല. പക്ഷേ, സര്‍വ്വ സന്തോഷത്തിന്റെയും പൂര്‍ണ്ണതയായ സ്വര്‍ഗ്ഗത്തിലേയ്ക്കു് വലതുകാലും വച്ചു നില്ക്കുന്ന സേ്തഫാനോസിനു് ഒരു ദുഃഖം; തന്റെ സ്വര്‍ഗ്ഗപ്രവേശം ഇത്ര വേഗത്തിലാക്കുന്ന തന്നെ കല്ലെറിയുന്നവര്‍ അക്കാരണത്താല്‍ തന്നെ ശിക്ഷിയ്ക്കപ്പെടുമല്ലൊ എന്ന ദുഃഖം. അതുകൊണ്ടു് അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ തന്നെ കൈപിടിച്ചാനയിയ്ക്കുന്ന കര്‍ത്താവിനോടപേക്ഷിച്ചു. `കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിയ്ക്കരുതു്.' അതെയതെ, സേ്തഫാനോസ് അവരോടു ക്ഷമിക്കുകയല്ലായിരുന്നു. ക്ഷമിയ്ക്കാനൊന്നുമാത്രമല്ല അവരോടു സഹതാപം തോന്നി അവരുടെ പക്ഷം ചേര്‍ന്നു്അവര്‍ക്കുവേണ്ടി ദൈവമുമ്പാകെ നിലകൊള്ളുകയായിരുന്നു. അതുതന്നെയായിരുന്നല്ലൊ യേശു കുരിശില്‍ ചെയ്തതും.

 

മുമ്പു് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനു് വേണ്ടിയാണു്. സ്ഥൈര്യത്താലും വിശുദ്ധ ലിഖിതങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന സമാശ്വാസത്താലും നമുക്കു് പ്രത്യാശയുളവാക്കാന്‍ വേണ്ടി (റോമ. 5: 4). അതെ, സേ്തഫാനോസിന്റെ ഈ അനുഭവവും എഴുതപ്പെട്ടിരിയ്ക്കുന്നതു് നമുക്കു വേണ്ടിയാണു്. രക്തസാക്ഷിത്വത്തെ ഭയപ്പെടുന്ന നമ്മുടെ സ്ഥൈര്യത്തിനും സമാശ്വാസത്തിനും വേണ്ടി. യേശു ഏക രക്ഷകനെന്നു് സഭയിലും യേശു ഒരു രക്ഷകന്‍ മാത്രം എന്നു് സഭയ്ക്കു പുറത്തും പറയുമ്പോള്‍ നമുക്കു സ്ഥൈര്യമില്ല. സ്ഥിരത ഇല്ലാത്തതു് ധൈര്യമില്ലാത്തതു കൊണ്ടു്. ധൈര്യം നമുക്കു് നഷ്ടമാകുന്നതു് നാം ജനക്കൂട്ടത്തിന്റെ മുഖം നോക്കുന്നതു കൊണ്ടു്. അവര്‍ പല്ലിറുമ്മുന്നതു കാണുന്നതു കൊണ്ടു്. നാം സ്വര്‍ഗ്ഗത്തിലേയ്ക്കു നോക്കുന്നെങ്കിലോ മറ്റൊരു കാഴ്ച ലഭ്യമാകും. അവിടെ രക്തസാക്ഷിത്വം ഭയപ്പെടേണ്ട ഒരു ദുരന്തമല്ല. സ്വയം വരിയേ്ക്കണ്ട ഒരു സൗഭാഗ്യമാണു്. സേ്തഫാനോസിന്റേതു പോലൊരു രക്ത സാക്ഷിത്വത്തിലേയ്ക്കു് ഒരു വിളി നമുക്കുണ്ടോ? അറിഞ്ഞു കൂടാ. ഇല്ലയെന്നു തീര്‍ത്തുപറയാന്‍ ആര്‍ക്കു കഴിയും, സിസ്റ്റര്‍ റാണി മരിയയും ഫാ. അരുള്‍ദാസും ഗ്രഹാം സ്റ്റെയിന്‍സുമൊക്കെ നമ്മുടെ കണ്‍മുമ്പിലുള്ളപ്പോള്‍? നമുക്കു് ഒരുങ്ങി നില്ക്കാനെ കഴിയൂ. ആകട്ടെ, നാമതിനു തയ്യാറാണോ? മേല്പറഞ്ഞവര്‍ക്കൊക്കെ രക്തസാക്ഷിത്വം നേടിക്കൊടുത്തവരോടുള്ള നമ്മുടെ മനോഭാവമെന്താണു്? അവരോടു് ക്ഷമിക്കുവാന്‍ ഇപ്പോഴും പാടുപെടുകയാണു് നമ്മളെങ്കില്‍ നാം സേ്തഫാനോസിന്റെ കാഴ്ചപ്പാടു് സ്വന്തമാക്കിയിട്ടില്ല. അവരോടു സഹതപിയ്ക്കാനും അവരുടെ പക്ഷം നിന്നു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കാനും നമുക്കു കഴിയുവോളം നമ്മുടെ കാഴ്ചപ്പാടു് മാറേണ്ടിയിരിക്കുന്നു. സഭയെ പീഢിപ്പിക്കുന്നവര്‍ക്കുവേണ്ടി സഹതാപത്തോടെ പ്രാര്‍ത്ഥിയ്ക്കാന്‍ നാം ശീലിച്ചാല്‍ നാം പീഡിപ്പിയ്ക്കപ്പെടുമ്പോഴും അതു തന്നെ ചെയ്യാന്‍ നമുക്കു കഴിയും. `എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സേ്‌നഹിയ്ക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കുവിന്‍' (മത്താ. 5:44..). സേ്തഫാനോസിന്റെ വിളി ഒരു പക്ഷേ നമുക്കെല്ലാവര്‍ക്കും കിട്ടിയെന്നു വരില്ല. പക്ഷേ അനുദിന ജീവിതത്തിലെ രക്തരഹിത രക്തസാക്ഷിത്വത്തില്‍ നിന്നു നമുക്കു് ഒഴിവില്ല. നാമതെങ്ങനെ സ്വീകരിയ്ക്കുന്നു എന്നതില്‍ മാത്രമാണു് വ്യത്യാസം. നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്നവയുടെ, സംഭവിച്ചേക്കുമെന്നു് നാം കരുതുന്നവയുടെ മുമ്പില്‍ നാം ഭയചകിതരാകാറുണ്ടോ? നിരാശരാകാറുണ്ടോ? ആശങ്കപ്പെടാറുണ്ടോ? അതിനു് കാരണക്കാരെന്നു നാം കാണുന്നവരോടു്, അവസ്ഥകളോടു്, വ്യവസ്ഥകളോടു് നമുക്കുള്ള മനോഭാവമെന്താണു്? നമുക്കുനേരെ പല്ലിറുമ്മുന്നവര്‍ക്കു നേരേ പല്ലിറുമ്മാനും ആക്രോശിയ്ക്കവാനുമാണോ നമുക്കിടയാകുന്നതു്? അതോ, അവരോടു ക്ഷമിയ്ക്കാന്‍ പാടുപെടുകയാണോ? എങ്കില്‍, നമ്മുടെ കാഴ്ചപ്പാടു് മാറേണ്ടതുണ്ടു്. കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ത്തുക. അവിടെ സ്വര്‍ഗ്ഗീയമായൊരു പ്രതിഫലനം കാണാം. അതേ, ഭൂമിയിലെ സംഭവത്തിന്റെ സ്വര്‍ഗ്ഗീയ പ്രതിഫലനം. സ്വര്‍ഗ്ഗീയ പ്രതിഫലനമാണു് നാം കാണുന്നതെങ്കില്‍ അതു് നമ്മേ നയിയ്ക്കും ശാന്തിയിലേയ്ക്കു്, സമാധാനത്തിലേയ്ക്കു്, സന്തോഷത്തിലേയ്ക്കു്. അതു് നമുക്കെതിരെ നില്ക്കുന്നവരോടു സഹതപിച്ചുകൊണ്ടു് അവര്‍ക്കുവേണ്ടി മദ്ധ്യസ്ഥം വഹിയ്ക്കാനുള്ള പ്രേരണയും ശക്തിയും നമുക്കു നല്കും. അതു് നമ്മുടെ സാക്ഷ്യമായി പരിണമിയ്ക്കുകയും ചെയ്യും. രക്തം ചിന്താതെയുള്ള സാക്ഷ്യം. 

`അങ്ങനെ നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. (മത്താ. 5: 45).

 

ഇഷ്ടപ്പെട്ടെങ്കില്‍ subscribe ചെയ്യൂ!


Comments