ഗുഡ് മോണിങ്ങിന്റെ ഫലം.............................................ഫാ. ജസ്റ്റിന്‍ പിനേറോ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

ഗുഡ് മോണിങ്ങിന്റെ ഫലം

ഫാ. ജസ്റ്റിന്‍ പിനേറോ


 

യൂറോപ്പിലേ കന്നിയാത്രയാണ്. ലൂർദ്ദിൽ പോകണം. പാരീസിലെത്തി. അവിടെനിന്ന് ലൂര്‍ദ്ദിലേക്കുള്ള ടിക്കറ്റെടുത്തു. ടിക്കറ്റ് ചാർജില്‍ നിന്ന് മനസ്സിലായി പാരീസിൽ നിന്നും വളരെ അകലെയാണെന്ന്. ഭാഷ അറിയില്ല. പരിശുദ്ധ അമ്മ തന്നെ ശരണം!

ഏത് ട്രെയിനിലാണ് കയറേണ്ടത്? ടിക്കറ്റും നീട്ടിപിടിച്ചുകൊണ്ട് ഒരു റെയില്‍വേ ഉദ്യോഗസ്ഥനെ സമീപിച്ചു. ടിക്കറ്റ് വാങ്ങി നോക്കിയിട്ട് അല്പം അകലെയായി നിർത്തിയിട്ടിരിക്കുന്ന ഒരു വലിയ ട്രെയിൻ കാണിച്ചു തന്നു.  കൂടെ ഒരു സ്നേഹിതൻ വൈദികന്‍ സഹയാത്രികനായുണ്ട്.  അദ്ദേഹത്തിന്റെയും കന്നിയാത്രയാണ്.

ട്രെയിന്‍ വിട്ടു.  പാഞ്ഞു പോകുന്ന ട്രെയിൻ!  സ്പെയിനിലേക്കുള്ള ട്രെയിനാണ്.  ലൂര്‍ദ്ദു ഫ്രാന്‍സില്‍ അല്പം ഉള്ളിലേക്ക് മാറിക്കിടക്കുന്ന സ്ഥലമായതിനാല്‍ ഈ  ട്രെയിൻ അതിലെ പോകാന്‍ ഇടയില്ല. ആരോടാണ് ഒന്ന് ചോദിക്കുന്നത്?  ഇംഗ്ലീഷ്  ആർക്കും അറിയില്ല.  ട്രെയിനില്‍ നല്ല തിരക്ക്!  അമ്മ തന്നെ ശരണം! പിന്നെ പ്രാർത്ഥനയും ജപമാലയും.

നിന്ന് മടുത്ത ഞാൻ ടോയിലറ്റിനു മുമ്പിൽ അല്പം സ്ഥലം കണ്ടു.  യാത്രക്കാർക്ക് തടസ്സമാകാത്ത വിധം എന്റെ ബാഗേജുമായി ഞാൻ നിലത്തിരുന്നു.  പാതിരാ കഴിഞ്ഞപ്പോൾ മുതൽ ഓരോരുത്തർ ടോയ്‌ലറ്റിൽ പോകാൻ എത്തുന്നുണ്ട്. ആരോടെന്നില്ലാതെ ഞാനവിടെയിരുന്ന് ടോയ്‌ലറ്റിൽ പോകുന്നവർക്ക് ഗുഡ് മോർണിംഗ് പറയാൻ തുടങ്ങി. അങ്ങനെ ചെയ്യാൻ എനിക്കു തോന്നി. പലരും അത് ശ്രദ്ധിച്ചില്ല. ഇതെന്തു വട്ടാണെന്ന് കൂട്ടുകാരൻ ആംഗ്യത്തില്‍ ചോദിച്ചു. എനിക്കും അങ്ങനെ തോന്നാതിരുന്നില്ല! കുറെ കഴിഞ്ഞു പത്തിരുപത് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെത്തി. എൻറെ അഭിവാദനം കേട്ട് അവൻ ചിരിച്ചു.  ഹലോ! ഗുഡ് മോണിംഗ് എന്നുപറഞ്ഞ് അവൻ എൻറെ അടുത്ത് ഇരുന്നു.  അവനു  ഇംഗ്ലീഷല്പം അറിയാം.  

ഞാൻ ഞങ്ങളുടെ ആവശ്യം പറഞ്ഞു.  ലൂര്‍ദ്ദിലെത്താന്‍ എന്ത് ചെയ്യണം?  ഇപ്പോൾ പറയാമെന്ന് പറഞ്ഞു അവൻ എഴുന്നേറ്റു.  ട്രെയിനിന്റെ ഭിത്തിയില്‍ കുറിച്ചിരുന്ന വിവരങ്ങളിലും ചിത്രങ്ങളിൽ നിന്നും പെട്ടെന്ന് കാര്യം മനസ്സിലാക്കി പറഞ്ഞുതന്നു.  ട്രെയിന്‍  ഇതുതന്നെ!  ലൂര്‍ദ്ദിലേയ്ക്കാണെങ്കില്‍  ഇവിടെ ഒരു ചേഞ്ച് ഉണ്ട്.  Dax എന്ന സ്റ്റേഷൻ അടയാളപ്പെടുത്തിയത് കാണിച്ചുതന്നു.  Daxല്‍ നിന്നും ലൂര്‍ദ്ദിലേക്ക് കണക്ഷൻ കിട്ടും.  അവിടെ എത്താറാകുന്നു.  അല്പം കഴിഞ്ഞ് ട്രെയിൻ അവിടെ എത്തിനിന്നു. പയ്യനു ഞാൻ നന്ദി പറഞ്ഞു. അവൻ പറഞ്ഞ വിവരങ്ങൾ ഞങ്ങൾക്ക് അത്യാവശ്യമായിരുന്നു! കർത്താവിനു സ്തുതി! 

ട്രെയിനിറങ്ങുന്നതിനു മുമ്പ് ലൂര്‍ദ്ദെന്നു ബോർഡ് വെച്ച ചെറിയ ട്രെയിൻ കിടക്കുന്നത് കണ്ടു.  ദൈവമേ സ്തുതി!  അമ്മേ നന്ദി! ആശ്വാസമായി.

ഗുഡ് മോണിംഗ് പറഞ്ഞതിന്റെ ഫലം കണ്ടോ? ഞാന്‍ സ്നേഹിതനോടു ചോദിച്ചു.  ഗുഡ് മോണിംഗ്ന്റെ മിടുക്കല്ല, പ.അമ്മയുടെ ഇടപെടലാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.


ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.

Comments