യേശുവിനോടോ ഈശ്വരനോടോ?

 യേശുവിനോടോ ഈശ്വരനോടോ?

വിദ്യാര്‍ത്ഥികളുടെ ആ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ഒരു ചര്‍ച്ച നടക്കുകയായിരുന്നു.   ചര്‍ച്ചയ്ക്കു കാരണമായ ചോദ്യമിതായിരുന്നു.

 ‘അക്രൈസ്തവയായ ഒരു കൂട്ടുകാരി അവളുടെ കുറെ പ്രശ്നങ്ങള്‍ എന്നോടു പങ്കുവച്ചു. എനിക്കോ മറ്റാര്‍ക്കെങ്കിലുമോ പരിഹരിക്കുക സുസാദ്ധ്യമല്ലാത്ത പ്രശ്നങ്ങള്‍.  ഞാന്‍ അവളോട്‌ എന്താണ് പറയേണ്ടത്?  നീ നിന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക എന്നോ അതോ ഈശോയോട്  പ്രാര്‍ത്ഥിക്കുക എന്നോ?’  പല മറുപടികളും ഉയര്‍ന്നു വന്നു.

‘നിന്റെയും എന്റെയും എല്ലാം കൂടി ഒരു ദൈവമേ ഉള്ളു എന്നു നമുക്കറിയാമല്ലോ. അതുകൊണ്ടു ദൈവത്തോട് പ്രാര്‍ത്ഥിക്കുക എന്നു മാത്രം പറഞ്ഞാല്‍ മതി.’

‘നമുക്കറിയാം ഒരു ദൈവമേ ഉള്ളു എന്നു.  പക്ഷേ, കൂട്ടുകാരിക്കറിയില്ലല്ലോ.  അതുകൊണ്ടു നമുക്കുള്ള അറിവ് പകര്‍ന്നു കൊടുക്കുകയാണ് വേണ്ടത്.  ഈശോയോടു  പ്രാര്‍ത്ഥിക്കുക എന്നു തന്നെ പറയണം എന്നാണു എന്റെ അഭിപ്രായം.’

‘അതെങ്ങനെയാണ്‌ ശരിയാകുന്നത്?  ഈശോ ദൈവമാണെന്ന് അയാള്‍ അംഗീകരിക്കുന്നില്ലല്ലോ.  അപ്പോള്‍ അതു അയാളുടെ വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമാവില്ലേ?’

      ...                  ...                        ...                        ...                     ...                ...                 ...

അഭിപ്രായങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.  ഒരു തീരുമാനത്തില്‍ എത്തുന്ന ലക്ഷണം ഒട്ടു കണ്ടുമില്ല.  അതുകൊണ്ടു ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന ഒരാളോട് ഞാന്‍ ചോദിച്ചു: ‘ഏതു കോഴ്സിനാണ് പഠിക്കുന്നത്?’

‘എം.ബി.ബി.എസ്. ഫൈനല്‍ ഇയര്‍.’

ഞാന്‍ തുടര്‍ന്നു.  ‘ഹോമിയോ ചികിത്സാ രീതിയില്‍ വിശ്വസിക്കുന്ന ഞാന്‍ താങ്കളോട് എന്റെ നെഞ്ചുവേദനയുടെ കാര്യങ്ങള്‍ പറയുന്നു.  ഹൃദയസംബന്ധമായ അസുഖമാണെന്നു താങ്കള്‍ക്കു പിടികിട്ടി.  താങ്കള്‍ എന്തുപദേശമായിരിക്കും എനിക്കു തരുക?’

‘ഹോമിയോപ്പതിയിലാണ് വിശ്വാസമെങ്കില്‍ അവിടെ പോയി ചികിത്സിച്ചു പാഠം പഠിച്ചു വരട്ടെ എന്നു വയ്ക്കും.’

‘ഹൃദ്രോഗമാണേ.  പാഠം പഠിച്ചു തിരിച്ചു വരാന്‍ ആളുണ്ടാകുമോ എന്നറിയില്ല.’ ഞാന് ഇടപെട്ടു.

‘ഹോമിയോയിലൊക്കെ പോയാല്‍ ആപത്താ കേട്ടോ. രോഗം മാറണമെങ്കില്‍  ഈ അലോപ്പതി ഡോക്ടറെ കാണണം എന്നു ഞാന്‍ നല്ലൊരു കാര്‍ഡിയോളജിസ്റ്റിനെ നിര്‍ദ്ദേശിക്കും.’

‘ഹോമിയോയിലൊക്കെ പോയാല്‍ ആപത്താണെന്ന് താങ്കള്‍ എങ്ങിനെയാണ് പറയുന്നത്? താങ്കള്‍ ഹോമിയോപ്പതി പഠിച്ചിട്ടില്ലല്ലോ. പിന്നെ, അനുഭവത്തിന്റെ പിന്‍ബലമുണ്ടോ?’  ഞാന്‍ തടസ്സവാദം ഉന്നയിച്ചു.  ‘ഇല്ലെങ്കില്‍,  കാര്‍ഡിയോളജിസ്റ്റിനെ നിര്‍ദ്ദേശിക്കാം.  താങ്കള്‍ പഠിച്ച അലോപ്പതിയുടെ മേന്മകള്‍ വര്‍ണ്ണിക്കാം.  അറിയാത്ത , അനുഭവമില്ലാത്ത ഹോമിയോപ്പതിയെ കുറ്റംപറയാതിരിക്കാം.’ ഞാന്‍ കൂട്ടിച്ചേര്‍ത്തു. 

ഇതുപോലെ നമ്മോടു വേദനകള്‍ പങ്കു വയ്ക്കുന്നവരോട്, മാര്‍ഗ്ഗം തേടുന്നവരോട്‌  നമുക്കു അറിയാവുന്ന യേശുവിനെ നമുക്കു നിര്‍ദ്ദേശിക്കാം, പരിചയപ്പെടുത്താം;  നമ്മുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാം.  അറിയാത്ത, അനുഭവമില്ലാത്ത ആരെയും, ഒന്നിനെയും കുറ്റം പറയാതിരിക്കാം.  യേശുവിനോട് പ്രാര്‍ത്ഥിക്കാം എന്നു വാഗ്ദാനം ചെയ്യാം;  പ്രാര്‍ത്ഥിക്കാം.  പിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ടവരാണെങ്കില്‍  അവര്‍ ക്രിസ്തുവില്‍  എത്തിച്ചേര്‍ന്നുകൊള്ളും.  കല്പിക്കപ്പെട്ടവയെല്ലാം അനുഷ്ഠിച്ച ശേഷം പ്രയോജനശൂന്യരായ ദാസന്മാര്‍ എന്ന നിലപാടെടുക്കാം.



ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.

Comments