ആര്‍ എനിക്കായി പോകും?...................ഫാ. ജസ്റ്റിന്‍ പിനേറോ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍


       

ആര്‍ എനിക്കായി പോകും?
 

ഫാ. ജസ്റ്റിന്‍ പിനേറോ

പേര് സാജൻ നെല്ലിമലമറ്റം. പ്രായം 20. ഒരു ധ്യാനത്തിൽ പങ്കെടുക്കുകയാണ്. കത്തോലിക്കനാണ്.  രോഗശാന്തിയിലൊന്നും വിശ്വാസമില്ല. ആളുകൾ സാക്ഷ്യം പറയുന്നത് പൈസ കൊടുത്ത് പരസ്യത്തിനുവേണ്ടി പറയിക്കുന്നതാണ് എന്നാണ് വിശ്വാസം.

 തൊട്ടുമുന്നിൽ ഒരു ഹൈന്ദവ കുടുംബം ആ ധ്യാനത്തിൽ പങ്കെടുക്കുന്നതു ശ്രദ്ധിച്ചു. അരയ്ക്കുതാഴെ തളർന്ന ഒരു കുട്ടി മാതാപിതാക്കളുടെ മദ്ധ്യത്തിൽ ഇരിപ്പുണ്ട്. ധ്യാന ദിവസങ്ങൾ മുന്നോട്ടു പോകുമ്പോൾ തളർന്ന ഈ കുട്ടിക്ക് മാറ്റം വരുന്നുണ്ടോ എന്ന് നോക്കി ഇരിപ്പാണ് സാജന്‍. രോഗശാന്തിയുടെ ദിവസവും കടന്നു പോയി. കുട്ടിക്ക് ഒന്നും സംഭവിച്ചില്ല! തന്റെ ബോധ്യത്തിൽ സാജൻ ഒന്നുകൂടി ഉറച്ചു.

ആ ഹൈന്ദവകുടുംബത്തോടു സഹതാപം തോന്നിയ ആ ചെറുപ്പക്കാരൻ അവരോട് ഇനി നിങ്ങൾ നിന്നിട്ട് കാര്യമില്ല, കുഞ്ഞിനെയുംകൊണ്ട് വീട്ടിൽ പോവുക. ഇനിയുള്ളത് അഭിഷേക പ്രാർത്ഥന മാത്രമാണ്. അത് ഞങ്ങൾക്ക് ഉള്ളതാണ് എന്ന് പറഞ്ഞു.

എന്നാൽ അവർ പോയില്ല! കുട്ടിയുടെ അപ്പന്റെ പ്രതികരണം ഇങ്ങനെ: കുഞ്ഞിനു സുഖമാകാതെ ഞങ്ങളിവിടുന്നു പോണില്ല!

അഭിഷേക പ്രാർത്ഥനയുടെ ദിവസം ബഹുമാനപ്പെട്ട വെല്ലൂരാനച്ചന്‍ ശുശ്രൂഷ നടത്തുകയായിരുന്നു. പരിശുദ്ധ കുർബാനയുടെ മുമ്പില്‍ എല്ലാവരും സർവ്വ ശക്തിയോടെ സ്തുതിക്കുകയാണ്, കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ.  സ്തുതി നിറഞ്ഞു കവിഞ്ഞു ഒഴുകുകയായിരുന്നു.

രണ്ടുദിവസം മുമ്പ് കർത്താവിനോട് സാജൻ ഒരു ഡയലോഗ് നടത്തിയിരുന്നു.  നീ സത്യദൈവമാണ്,  സർവ്വശക്തനാണ്  എങ്കിൽ എനിക്ക് വ്യക്തമായ ഒരു അടയാളം തരണം. ദൈവാനുഭവമെന്നത് എന്താണെന്നെനിക്കറിയില്ല. ഈ കുട്ടി എഴുന്നേറ്റ് നടന്നാൽ ഞാൻ നിന്നിൽ വിശ്വസിക്കാം.

കുട്ടിയെ ശ്രദ്ധിച്ചു കൊണ്ടിരുന്ന സാജൻ പിന്നീട് കണ്ടത് അവൻ ഇരുന്നിടത്ത് ഇരുന്ന് വിറയ്ക്കുന്നതാണ്.  വിറയല്‍ കൂടി വന്നു!  മാതാപിതാക്കൾ അത് ശ്രദ്ധിക്കാതെ സ്തുതിപ്പില്‍ മുഴുകിയിരുന്നു. അയാൾക്ക് അവരോടമര്‍ഷം തോന്നി. വല്ലാതെ ഇരുന്നു വിറയ്ക്കുന്ന ഈ കുഞ്ഞിനെ നോക്കാതെ ഇവരിത് എന്തെടുക്കുകയാണ്?

പെട്ടെന്ന് കുഞ്ഞു ചാടി എഴുന്നേൽക്കുന്നതും കാലുകൾക്ക് ബലം വച്ച് സ്റ്റേജിലെ വശത്തേക്ക് ഓടുന്നതും കണ്ടു സാജൻ അന്തംവിട്ടു!  ഒരടി കിട്ടിയതു പോലെ അയാൾ നിലംപതിച്ചു. ബോധം പോയി! കുറെ സമയം കഴിഞ്ഞ് ഉണരുമ്പോൾ ഏങ്ങലടിച്ചു അയാള്‍  കരയുകയാണ്.

മതി കർത്താവേ, മതി!  എനിക്കെല്ലാം ബോധ്യമായി!

രണ്ടാഴ്ചയോളം അയാൾ കരച്ചിലായിരുന്നു!  ഉള്ളിൽ കെട്ടിക്കിടന്ന അവിശ്വാസവും തഴക്ക ദോഷങ്ങളും ആന്തരിക മുറിവുകളും അസമാധാനവുമെല്ലാം ആ കണ്ണീരില്‍ ഒഴുകിപ്പോയി! ജീവിതത്തിലൊരിക്കലും അനുഭവിക്കാത്ത സമാധാനം മനസ്സിൽ നിറഞ്ഞു.

പിന്നീട് കേട്ടത് ഏശയ്യായുടെ ഗ്രന്ഥത്തിൽ നിന്നുള്ള ഒരു സന്ദേശം: ആരെയാണ് ഞാൻ അയക്കുക, ആരാണ് നമുക്ക് വേണ്ടി പോവുക? ചോദ്യത്തിൻറെ അർത്ഥം മനസ്സിലായി. ഇതാ, ഞാൻ. എന്നെ അയച്ചാലും എല്ലാം വിട്ടു അന്ന് അയാൾ കർത്താവിനായി ഇറങ്ങി. ഇന്നിപ്പോൾ കർതൃ ശുശ്രൂഷയിൽ ആ അത്മായന്‍ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു! കർത്താവിനു സ്തുതി!


ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.

Comments