വിശുദ്ധര്‍


 

അമ്മേ, ആകെ എത്ര വിശുദ്ധരുണ്ട്? മുഷിഞ്ഞ തുണികള്‍ വാഷിംഗ് മെഷീനിലേക്ക് പെറുക്കി ഇട്ടുകൊണ്ടിരുന്ന അമ്മയോട് മകന്റെ ചോദ്യം.  എന്തവാ? എന്തവാ? അമ്മയ്ക്കു ചോദ്യം അത്ര വ്യക്തമായില്ലെന്നു തോന്നുന്നു. 

അല്ല,  ഈ മാര്‍പ്പാപ്പ ചിലരെയൊക്കെ വിശുദ്ധരാണെന്നു പ്രഖ്യാപിക്കാറില്ലേ?  അങ്ങിനെ ആകെ മൊത്തം ഇതുവരെ എത്ര വിശുദ്ധരുണ്ടെന്ന്. മകന്‍ വിശദീകരിച്ചു.  ഓ! ഒരു പതിനായിരത്തില്‍ കൂടുതല്‍ കാണുമായിരിക്കും.  അമ്മയുടെ മറുപടി. 

അപ്പോ  ഇത്രയും കാലമായിട്ടു പതിനായിരം പേരെ സ്വര്‍ഗ്ഗത്തില്‍ പോയിട്ടുള്ളോ? മകന്‍ അത്ഭുതം കൂറി.  അതിനു സ്വര്‍ഗ്ഗത്തില്‍  പോകുന്നവരുടെ ലിസ്റ്റെടുക്കുന്ന പണിയല്ല മാര്‍പ്പാപ്പയ്ക്ക്.  സഭ ഒരാളേ വിശുദ്ധന്‍ അല്ലെങ്കില്‍ വിശുദ്ധ ആയി പ്രഖ്യാപിക്കുന്നതിനു വേറെ ലക്ഷ്യങ്ങളുണ്ട്‌. അമ്മ പറഞ്ഞു.  നമുക്ക് നൊവേന ചൊല്ലാനായിരിക്കും, അല്ലേ? മകന്റെ ഊഹം. 

നിന്റെ നിരീക്ഷണ പാടവം കൊള്ളാം. ഒരു പുഞ്ചിരിയോടെ മകന്റെ കവിളത്തു ഒരു നുള്ളു കൊടുത്തു കൊണ്ട് അമ്മ തുടര്‍ന്നു: ധീരതയോടെ വിശ്വാസം സംരക്ഷിക്കുകയും വീരോചിതമായി പുണ്യം അഭ്യസിക്കുകയും ചെയ്തു കടന്നു പോയവരെ മാതൃകയായി ചൂണ്ടിക്കാണിക്കുകയാണ് സഭ.  അതിനു അവര്‍ ദൈവത്താല്‍ സമ്മാനിതരായി എന്നുകൂടി ഉറപ്പാക്കണമല്ലോ.  മറ്റു എത്രയോ പേര്‍ സ്വര്‍ഗ്ഗത്തിലെത്തിയിട്ടുണ്ടാവും.  സഭ ഉറപ്പു വരുത്തിയിട്ടില്ലെന്നു മാത്രം.  ഞാനോര്‍ത്തു പേരു വിളിക്കാത്തവര്‍ സ്വര്‍ഗ്ഗത്തില്‍ പോയിട്ടുണ്ടെങ്കില്‍ അതു ശുദ്ധീകരണ സ്ഥലം വഴിയാകുമെന്ന്.മകന്‍ തന്റെ അബദ്ധം തുറന്നു പറഞ്ഞു. 

സഭയില്‍ ആയിരിക്കുന്നവര്‍ അല്പമൊന്നുത്സാഹിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാവുന്നതെയുള്ളു.  പിന്നെ വിശുദ്ധനെന്നു പേരു വിളിക്കപ്പെട്ടു ഭൂമിയിലെ സഭയില്‍ മാനിക്കപ്പെടണമെങ്കില്‍ കുറച്ചുകൂടി ഉത്സാഹിച്ചു പുണ്യം അഭ്യസിക്കണം.  അതിനുള്ള അവസരം നമ്മുടെ അനുദിന ജീവിതത്തില്‍ ഉണ്ടു താനും.  ഇപ്പോള്‍ തന്നെ ദാ,  ഈ തുണി അലക്കു കഴിയുമ്പോള്‍ ഒന്ന് വിരിച്ചിട്ടേക്കുക.  സന്തോഷത്തോടെ അത് ചെയ്യുമ്പോള്‍ അതൊരു പുണ്യപ്രവൃത്തിയുമായി. മകനു ഒരു പണികൊടുത്തിട്ടു അമ്മ നിഷ്ക്രമിച്ചു.

Comments