അമ്മയും മോനും ............................................................................. നോമ്പും ടേസ്റ്റ്‌മേക്കറും



അപ്രതീക്ഷിതമായി ഭവനസന്ദര്‍ശനത്തിനെത്തിയ വികാരിയച്ചനെ ഉപചരിച്ചിരുത്തിയ ശേഷം  വീട്ടമ്മ പറഞ്ഞു തുടങ്ങി:
അച്ചനിപ്പോള്‍ വന്നതു നന്നായി. കുറച്ചു ദിവസമായി ഇവന്‍ എന്നോട് ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കയായിരുന്നു.   ദേ! അച്ചന്‍ വന്നേക്കുന്നു.  നീ തന്നെ അച്ചനോട് ചോദിക്ക്  അമ്മ എളുപ്പത്തില്‍ പന്തു മകന്റെ കളത്തിലേക്ക്‌ തട്ടി.  വേണ്ട, അമ്മ തന്നെ ചോദിച്ചാല്‍ മതി.മകന്‍ പന്തു സ്വീകരിക്കുന്ന ലക്ഷണമില്ല.  നിനക്കാ സംശയം.  നീതന്നെ ചോദിച്ചാമതി. അമ്മയും വിട്ടുകൊടുക്കുന്നില്ല.  നിങ്ങള്‍ തര്‍ക്കം അവസാനിപ്പിച്ചു കാര്യം പറ. അച്ചന്‍ ഇടപെട്ടു.  അച്ചാ, ഈ സോയാചങ്ക് എന്നൊരു സാധനം കടേല്‍ വാങ്ങാന്‍ കിട്ടും. ആവശ്യക്കാരന്‍ അവന്‍ തന്നെയായതിനാല്‍ മകന്‍ തന്നെ പറഞ്ഞു തുടങ്ങി. ഈ സോയാപിണ്ണാക്കല്ലേ? അച്ചന്‍ ഒരു സംശയനിവൃത്തി വരുത്തി.  അച്ചാ, അതു വെറും പിണ്ണാക്കല്ല.  ധാരാളം പ്രോട്ടീനും ...  ഞാന്‍ മോശമാക്കി പറഞ്ഞതല്ല. അച്ചന്‍ ഇടയ്ക്ക് കയറി വിശദീകരിച്ചു. സോയാ ചങ്ക്.  ങ്ഹ! ഇനി കാര്യം പറ.  അച്ചാ, ഞാന്‍ ഈ കുരിശുവര പെരുന്നാളിനു മുമ്പേ അമ്മയോടു പറഞ്ഞു ഈ ചങ്കു,  മീറ്റ്‌ ടേസ്റ്റ് മേക്കറും ചേര്‍ത്തു നോമ്പു കാലത്തു കറി വച്ചു തരാന്‍.  അമ്മ പറയുവാ അതു ശരിയാവില്ലെന്ന്. അതെന്താ ശരിയാവാത്തെ എന്ന് അമ്മയൊട്ടു പറയുന്നുമില്ല.  അതാണച്ചാ കാര്യം. മകന്‍ വിഷയാവതരണം നടത്തി.  ആകട്ടെ,  മോനെന്തിനാ ഈ നോമ്പുകാലത്തു മാംസ വര്‍ജ്ജനം നടത്തുന്നത്?  അച്ചന്‍ മെല്ലെ വിഷയത്തിലേക്ക് കടന്നു.  അതു പിന്നെ സഭ അങ്ങനെയല്ലേ പഠിപ്പിക്കുന്നത്‌? മകന്‍ തന്റെ അറിവു പ്രകടിപ്പിച്ചു.  സഭ പറയുന്നതു അനുസരിക്കാന്‍ മാത്രമാണു മോന്‍ നോമ്പു നോക്കുന്നതെങ്കില്‍ സോയാ ചങ്ക് കഴിക്കുന്നതില്‍ തെറ്റില്ല.  പക്ഷെ, അതു ഫരിസേയന്റെ നോമ്പു നോട്ടമാകും.  നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. (മത്തായി 5 : 20) എന്നല്ലേ കര്‍ത്താവു പറഞ്ഞിരിക്കുന്നതു. ഫരിസേയരുടെ ഉപദേശമാകുന്ന പുളിമാവില്‍ നിന്ന് അകന്നിരിക്കാന്‍ യേശു ശിഷ്യരെ ഉപദേശിക്കുന്നുമുണ്ടല്ലോ.  എന്താണച്ചാ ഈ ഫരിസേയന്റെ പ്രശ്നം? ഇനി അക്കാലത്തും സോയാ ചങ്കുണ്ടായിരുന്നോ എന്നോര്‍ത്തു കൊണ്ടു അവന്‍ ചോദിച്ചു.  അവര്‍ ദൈവകല്പനകളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കും. പക്ഷെ, അതിന്റെ കാതല്‍ - അതായതു ദൈവം എന്താണോ ഉദ്ദേശിച്ചത് അതു - അവര്‍ തള്ളിക്കളയും.അച്ചന്‍ മറുപടി നല്‍കി.  അല്ല,  അച്ചാ, നോമ്പു നോക്കാന്‍ പറയുമ്പോള്‍ സഭ എന്താണു ഉദ്ദേശിക്കുന്നത്? അവന്റെ ആ ചോദ്യം അച്ചനിഷ്ടപ്പെട്ടു.  ദേ,  അതാണ്‌ നമ്മള്‍ അന്വേഷിക്കേണ്ടത്.  മോനേ, നമ്മുടെ ഉള്ളില്‍ ഒരു യുദ്ധം നടക്കുന്നുണ്ട്.  മറ്റാരുമായല്ല, നമ്മുടെ ആത്മാവും ശരീരവും തമ്മില്‍.  അതുകൊണ്ട് നമുക്കു പലപ്പോഴും ആഗ്രഹിക്കുന്ന നന്മ ചെയ്യാന്‍ പറ്റുന്നില്ല, മറിച്ചു ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്യുന്നത്.  അതായതു ശരീരം നിയന്ത്രിക്കുന്ന വഴിയെ ആണ് നാം പോകുന്നത്.  അതു തികച്ചും മൃഗീയമാണ്.  അതു അടിമത്തവുമാണ്.  ഇപ്പോള്‍ ഇതാ, മോന് ശരിയായി നോമ്പു നോക്കണമെന്നുണ്ട്.  പക്ഷെ, ഇറച്ചിയില്ലാതെ ഊണു കഴിക്കാനാവുന്നില്ല, അല്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്.  ശരീരം നിര്‍ദ്ദേശിക്കുന്നത് അനുസരിക്കാന്‍ മോന്‍ നിര്‍ബ്ബന്ധിതനാകുന്നു.  നേരെ തിരിച്ചാണ് വേണ്ടതെന്നു നമുക്കറിയാം.  പക്ഷെ അതിനുള്ള സ്വാതന്ത്ര്യമില്ല.  ഇതിനൊരു മാര്‍ഗ്ഗമേയുള്ളൂ ശരീരത്തെ പരിശീലിപ്പിക്കുക.  അതാണ്‌ സഭ നോമ്പുകൊണ്ടു ഉദ്ദേശിക്കുന്നത്.  ഭക്ഷണം അതിനുള്ള ഒരു മേഖല മാത്രം.  വേറെ എത്രയോ മേഖലകള്‍ കിടക്കുന്നു നമ്മുടെയൊക്കെ ജീവിതത്തില്‍.  അടിമത്തത്തിലായിരിക്കുന്നവര്‍ക്കു ദൈവത്തെ ആരാധിക്കാന്‍ പോലുമാകില്ലെന്നാണ് ദൈവ വചനം പഠിപ്പിക്കുന്നത്‌, കെട്ടോ.അച്ചന്‍ പറഞ്ഞു നിര്‍ത്തി.  നോമ്പും നോറ്റു.  അതിന്റെ ഗുണവും കിട്ടിയില്ല എന്ന് വന്നാല്‍ മണ്ടത്തരമല്ലേ? അമ്മേ, ചങ്കും വേണ്ട, കരളും വേണ്ട. അടുക്കളയിലായിരുന്ന അമ്മയോടു മകന്‍ വിളിച്ചുപറഞ്ഞു. 

Comments