അമ്മയും മോനും .............................................................. .......................... സ്വര്‍ഗ്ഗത്തില്‍ പോയവരും നരകത്തിലായവരും

 


അമ്മേ, ഈ സ്വര്‍ഗ്ഗത്തില്‍ പോയവരുടെ ലിസ്റ്റ് മാര്‍പ്പാപ്പ പ്രസിദ്ധീകരിക്കുനതുപോലെ നരകത്തില്‍ പോയവരുടെ ലിസ്റ്റ്  പ്രസിദ്ധീകരിക്കാത്തതെന്തേ?

മാര്‍പ്പാപ്പ അങ്ങനെ ലിസ്റ്റ് ഒന്നും ഇറക്കുന്നതായി  ഞാന്‍ കേട്ടിട്ടില്ല  അടുക്കളയിലെ തിരക്കിനിടയില്‍ അമ്മ മറുപടി പറഞ്ഞു.

  അതല്ലമ്മേ,  ഈ വിശുദ്ധരായി പ്രഖ്യാപിച്ചു എന്നൊക്കെ പത്രത്തില്‍ കണ്ടിട്ടില്ലേ?  അവരൊക്കെ സ്വര്‍ഗ്ഗത്തില്‍ പോയവരല്ലേ?  ആ കാര്യമാ ചോദിച്ചെ.  മകന്‍ വിശദീകരിച്ചു.

ഓ! അതാണോ ചോദിച്ചത്?  നീ ആ ബൈബിള്‍ ഇങ്ങേടുത്തോണ്ട് വാ.  എന്നിട്ടു മത്തായി എഴുതിയ സുവിശേഷത്തിലെ പതിനാറാം അദ്ധ്യായത്തിലെ പത്തൊന്‍പതാം വാക്യം ഒന്നുറക്കെ വായിച്ചേ?കറിയ്ക്കരിയുന്നതിനിടയില്‍  അമ്മ നിര്‍ദ്ദേശിച്ചു.  മകന്‍ ബൈബിള്‍ എടുത്തു വചനം തപ്പി കണ്ടുപിടിച്ചു വായിച്ചു. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. 

അത് ആരു ആരോടാ പറഞ്ഞതെന്നു കൂടി നോക്കിക്കേ  അമ്മ ഇടയ്ക്കു കയറി പറഞ്ഞു. 

യേശു പത്രോസിനോട്  മകന്‍ കണ്ടുപിടിച്ചു. 

അപ്പൊ,  നിനക്കെന്തു മനസ്സിലായി?  ആദ്യ മാര്‍പ്പാപ്പയ്ക് യേശു കൊടുത്തതു സ്വര്‍ഗ്ഗത്തിന്റെ താക്കോലുകളാ.  നരകത്തിന്റെയല്ല.  നിനക്കു പിടികിട്ടിയല്ലോ.  ഇപ്പൊ ഇത് മതി. 

അല്ലമ്മേ,  അപ്പോള്‍ ഈ നരകത്തിന്റെ താക്കോല്‍ ആരുടെ കയ്യിലാ? മകന്റെ സംശയം തീരുന്നില്ല. നീയാ വെളിപാടിന്റെ പുസ്തകത്തിലെ ഒന്നാമദ്ധ്യായത്തിലെപതിനെട്ടാം വാക്യം വായിച്ചു നോക്ക് അമ്മേ ഈ മനുഷ്യപുത്രന്‍ എന്ന് പറഞ്ഞിരിക്കുന്നതു യേശുവല്ലേ? 

പിന്നല്ലാതെയാരാ? ആണ്ടെ ചോറ് തിളച്ചു പോകുന്നു  അമ്മ അടുക്കളയിലെ തിരക്കിലേക്ക് തിരിഞ്ഞു. അപ്പൊ അത് യേശുവിന്റെ കയ്യിലാ എന്ന് പിറുപിറുത്തുകൊണ്ട് മകന്‍ സ്ഥലംവിട്ടു.

Comments

Post a Comment