ദൈവത്തിന്റെ വിശ്വാസം


 

പിതാവ് സകലതും തന്റെ കരങ്ങളില്‍ എല്പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍ നിന്നു വരുകയും ദൈവത്തിങ്കലേക്കു പോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.(യോഹ.13/3)  യേശുവിന്റെ ദൌത്യ നിര്‍വ്വഹണത്തിന്റെ പരമകാഷ്ഠയിലേക്കു പ്രവേശിക്കുന്നിടത്താണ്- അന്ത്യ അത്താഴത്തിനു തൊട്ടു മുമ്പാണ്  ഈ അറിവ്. ഈ അറിവു പെട്ടെന്നു ഒരു ദിവസം ഉണ്ടായി എന്നതിനപ്പുറം യേശു ഈ അറിവില്‍ വളര്‍ന്നു വന്നു പൂര്‍ണ്ണതയില്‍ എത്തി എന്ന് കരുതുന്നതാവും ശരി.  ഈ അറിവു യേശുവിനു മാത്രമുണ്ടായതല്ല, ദൈവം ദൌത്യമേല്പിച്ചു വിട്ടിരിക്കുന്ന സകലര്‍ക്കുമുണ്ടാകുന്നതാണ്;  ദൈവം ദൌത്യമേല്പിക്കാതെ ആരെയും വിട്ടിട്ടില്ല താനും.  എന്നിട്ടെന്തേ നമ്മളാരും ഇതറിയാത്തത്?  വിശ്വാസമില്ലാഞ്ഞിട്ടുതന്നെ.  ദൈവവിശ്വാസത്തിന്റെ കാര്യമല്ല ഞാന്‍ പറയുന്നതു. നമുക്ക് നമ്മെത്തന്നെ വിശ്വാസമില്ല.  ദൈവം സകലതും നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം?  ദൈവം അത്രയ്ക്കു മണ്ടത്തരം കാട്ടുമോ? അല്ലെങ്കില്‍  എങ്കില്‍, എല്ലാം കുളം, നിശ്ചയം! ഇങ്ങനെ എന്തെങ്കിലുമായിരിക്കില്ലേ?  ദൈവം നമ്മെ വിശ്വസിക്കുന്നതിന്റെ അടുത്തെങ്ങും എത്തുന്ന വിശ്വാസം നമുക്ക് നമ്മോടില്ലെന്നു സാരം.  സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,  ആരെങ്കിലും ഈ മലയോടു ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്‌താല്‍ അവനു അത് സാധിച്ചുകിട്ടും.(മാര്‍ക്കോ.11/23)   നിങ്ങള്‍ക്കു ദൈവത്തിന്റെ വിശ്വാസം ഉണ്ടായിരിക്കട്ടെ. (Have faith in/of God) മാര്‍ക്കോസ് 11/22 നു ഇങ്ങനെയും ഒരു വിവര്‍ത്തന സാദ്ധ്യതയുണ്ട്.

Comments