ഇല കൊഴിയുമ്പോള്‍


 

ജീവിച്ചിരിക്കുന്ന വിശുദ്ധ എന്ന് ലോകം മുഴുവന്‍ മദ ര്‍ തെരേസയെ വിളിച്ചാദരിച്ചിരുന്ന കാലം.  ഒരു സംഭാഷണത്തിനിടെ ഞാന്‍ എന്റെ സുഹൃത്തിനോടു പറഞ്ഞു:  നോക്കൂ!  യേശുവിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ എത്രമാത്രം ഗുണപരമായ മാറ്റം വരുത്താം എന്നതിനു നല്ലൊരു ഉദാഹരണമാണ് മദര്‍ തെരേസ.  സ്നേഹിതന്‍ എടുത്ത വായിലെ പറഞ്ഞു: ഒറ്റക്കും പെട്ടക്കും മഹത് ജന്മങ്ങള്‍ എല്ലാ കാലഘട്ടങ്ങളിലും  ഉണ്ടാകാറുണ്ട്. അതിലൊന്ന് മാത്രമാണ് അവര്‍.  ഞാന്‍ പറഞ്ഞു:  അങ്ങിനെയല്ല.  അവര്‍ തന്നെ പറഞ്ഞിട്ടുണ്ട് യേശുവാണ് അവരുടെ നന്മയ്ക്ക് ആധാരമെന്ന്.  ഒരു ചിരിയോടെ സ്നേഹിതന്‍ പ്രതിവചിച്ചു:  ഒരു ക്രിസ്തീയ സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് അവര്‍  അങ്ങിനെ കരുതുന്നു.  അവര്‍ ഒരു ഹിന്ദുവായിരുന്നെങ്കില്‍ കൃഷ്ണനോ ഭഗവത് ഗീതയോ ആണ് തന്റെ പ്രചോദനമെന്ന് കരുതുമായിരുന്നു;  മുസ്ലീം ആയിരുന്നെങ്കില്‍, ഒരു പക്ഷേ നബിയെന്നോ ഖുറാനെന്നോ മറ്റോ. അതിനപ്പുറമൊന്നും ഇതിലില്ല.  അല്ലെങ്കില്‍ താന്‍തന്നെ ഒന്നാലോചിച്ചു നോക്കൂ താനെന്തുകൊണ്ടു മറ്റൊരു മദര്‍ തെരേസയായില്ല.  എനിക്കുത്തരം മുട്ടി എന്നതിനപ്പുറം  ഒരു വ്യക്തി എത്ര മനോഹരമായി ക്രിസ്തുവിനു സാക്ഷ്യം നല്‍കിയാലും പൊതു സമൂഹത്തിനു എത്ര എളുപ്പമായി അതു തട്ടിക്കളയാനാവും എന്നതിനു നല്ലൊരുദാഹരണമായിരുന്നു അത്. സഭാസമൂഹമെന്ന നിലയില്‍ നാം സാക്ഷ്യം നല്‍കേണ്ടതിന്റെ അത്യാവശ്യത്തിലേക്ക് ഇതു വിരല്‍ ചൂണ്ടുന്നു.  സഭ സാക്ഷികളുടെ സമൂഹമായിരിക്കണം.  സഭയാകുന്ന അത്തിമരത്തില്‍ എക്കാലവും ഉണ്ടായിരിക്കേണ്ട പഴമാണ് സുവിശേഷ സാക്ഷ്യം.  ബാക്കിയെല്ലാം ഇലച്ചാര്‍ത്തുകള്‍ മാത്രം.  പഴമില്ലാത്ത അവസ്ഥയില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന തളിരിലകള്‍ ശാപം ക്ഷണിച്ചു വരുത്തിയേക്കാം.  കൃഷി ഓഫീസറായിരുന്ന എന്റെ ഒരു സഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.  ധാരാളം വളം നല്കിക്കൊണ്ടിരുന്നാല്‍ ചെടികള്‍ നല്ല കായിക വളര്‍ച്ച (vegitable growth) നേടും.  ഇത് കൊണ്ട് രണ്ടു അപകടമാണുള്ളത്.  ഒന്ന്.  വേഗം പുഷ്ടിയോടെ വളര്‍ന്ന തണ്ടുകള്‍ മൃദുവായിരിക്കും.  കീടാക്രമണ സാദ്ധ്യത ഏറും.  രണ്ടു.  വിപരീത കാലത്താണ് ചെടികള്‍ പൊതുവേ വിത്തുകളും പഴങ്ങളും പുറപ്പെടുവിക്കുക.  വേനല്‍ക്കാലത്ത് ജലസേചനം ലഭിക്കാത്ത മുരിങ്ങകള്‍ കൂടുതല്‍ കായ്ക്കുന്നതു കണ്ടിട്ടില്ലേ?  തുളസിയായാലും ചീരയായാലും വിപരീത കാലാവസ്ഥയിലാണ് കൂടുതല്‍ പൂക്കുകയും വിത്തുല്പാദിപ്പിക്കുകയും ചെയ്യുന്നതു.  ചെടിയേറെ വളര്‍ന്നു പന്തലിക്കുമ്പോള്‍ ഫലമേറെ ഉണ്ടായില്ലെന്ന് വരാം.  അതുകൊണ്ട് ഒരു ഇലപൊഴിയും കാലം സഭയ്ക്കും ആവശ്യമാണ്‌.  അക്കാലത്തു ഫലം പുറപ്പെടുവിക്കാന്‍ കഴിവില്ലാത്ത കമ്പുകള്‍ ഉണങ്ങി വീണു ഫലപുഷ്ടിയേകുന്ന പുതുമുളകള്‍ക്കു വളമായേക്കാം. 

Comments

Post a Comment