നീതിരഹിതനായ ന്യായാധിപനും ദൈവവും

 


ദൈവത്തെ  നീതിരഹിതനായ ന്യായാധിപനോടുപമിച്ചിരിക്കുന്ന ഒരു കഥയുണ്ട് ലൂക്കാ സുവിശേഷത്തില്‍.  യേശു പറഞ്ഞ ആ ഉപമ 18/1-8 ല്‍ നാം വായിക്കുന്നു. ഭഗ്നാശനാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണംഎന്ന് കാണിക്കാന്‍ യേശു അവരോടു ഒരു ഉപമ പറഞ്ഞു എന്ന  ആമുഖ വചനത്തില്‍ത്തന്നെ   ഉപമയുടെ ഉദ്ദേശം വ്യക്തമാണ്.  നീതിരഹിതനായ ന്യായാധിപന്‍ പോലും നിരന്തരം തന്നോടു യാചിക്കുന്നവര്‍ക്കു നീതി നടപ്പാക്കി  കൊടുക്കുമെങ്കില്‍  ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തില്‍ താമസം വരുത്തുമോ എന്നാണു ചോദ്യം.  അല്ലാതെ നീതിരഹിതനെയും ദൈവത്തെയും തുല്ല്യതപ്പെടുത്തിയിരിക്കുകയല്ല.  പക്ഷെ, പ്രശ്നമതല്ല. തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍  ഒരിക്കല്‍ പ്രാര്‍ത്ഥിച്ച കാര്യം തന്നെ  തന്നെയും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടോ?  പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും. (മാര്‍ക്കോ. 11/24)  അങ്ങിനെ പ്രാര്‍ത്ഥിച്ച കാര്യം പിന്നീടു ആവര്‍ത്തിക്കേണ്ട കാര്യമെന്ത്?  കാര്യമില്ലെന്നു മാത്രമല്ല, അങ്ങിനെ ചെയ്തു  പിതാവിനെ ആലോസരപ്പെടുത്തരുതെന്നു മുന്‍ കരുതലെടുക്കുന്ന യേശുവിനെ നാം ലാസറിന്റെ കല്ലറയ്ക്കു മുന്നില്‍  കാണുന്നു. (യോഹ.11/41-44)  ലാസറിനെ ഉയര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രാര്‍ത്ഥന ആവര്‍ത്തിക്കേണ്ടി വരുമ്പോള്‍ അങ്ങിനെ ചെയ്യുന്നതു ചുറ്റും നില്‍ക്കുന്ന ജനം കേട്ടു വിശ്വസിക്കുന്നതിനു വേണ്ടിയാണെന്ന് എടുത്തു പറയുന്ന യേശുവിനെ ശ്രദ്ധിക്കുക.  യേശു ഒരിക്കലും പ്രാര്‍ത്ഥന ആവര്‍ത്തിക്കാറില്ലായിരുന്നു.  തന്നെയുമല്ല, പ്രാര്‍ത്ഥന എന്തായിരുന്നാലും എത്രയായിരുന്നാലും യേശുവിനു ഇഷ്ടമാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറ്റിയേക്കുക.  യേശുവിനെ ശുണ്ഠി പിടിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനകളുമുണ്ട് എന്നോര്‍മ്മിക്കുക.  കാറ്റും കോളും വന്നപ്പോള്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കണേയെന്നു തന്നെ ഉണര്‍ത്തി പ്രാര്‍ത്ഥിച്ച ശിഷ്യരെയാണ് യേശു ആദ്യം ശാസിച്ചതെന്നു ഒരു സുവിശേഷകനെങ്കിലും സാക്ഷിക്കുന്നു.(മത്താ.8/24-27)  അല്പവിശ്വാസത്തോടെ ഭയപ്പെട്ടുള്ള പ്രാര്‍ത്ഥനയായിരുന്നു അത്.  രൂപാന്തരീകരണ മലയില്‍ നിന്നു ഇറങ്ങിവരുമ്പോള്‍ താഴ്വാരത്തില്‍ ശിഷ്യന്മാര്‍ക്കു സുഖപ്പെടുത്താന്‍ കഴിയാതെപോയ ബാലന്റെ പിതാവിന്റെ പ്രാര്‍ത്ഥനയാണു മറ്റൊന്ന്.  എന്തെങ്കിലും ചെയ്യാന്‍ നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ.(മാര്‍ക്കോ.9/22) എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.  കഴിയുമെങ്കിലെന്നോ! എന്നായിരുന്നു യേശുവിന്റെ ആദ്യ പ്രതികരണം.  പക്ഷേ, വിശ്വാസത്തിലേക്കു ഒരു ക്ഷണം അയാള്‍ക്കു ലഭിച്ചു;  അയാളതു ശരിക്കും ഉപയോഗിക്കുകയും ചെയ്തു. 

എന്നാല്‍ ഈ യേശു തന്നെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്ന രംഗം നാം ഗത്സമേനിയില്‍ കാണുന്നു.  ഒന്നല്ല, രണ്ടല്ല, മൂന്നു തവണ.  അവിടെ അവിടുന്നു ദുഃഖപൂരിതനായിരുന്നു,  ശിഷ്യന്മാരുടെ സഹവാസവും പിന്തുണയും ആഗ്രഹിച്ചു പോകുമാറു ഭയചകിതനുമായിരുന്നു.  തീവ്രദുഃഖവും ഭയവും വിശ്വാസത്തെ ദുര്‍ബ്ബലപ്പെടുത്തുന്നു.  വിശ്വാസത്തില്‍ വരുന്ന കുറവ്  ദുഃഖത്തെയും ഭയത്തെയും ഇരട്ടിപ്പിക്കുന്നു.  സത്യത്തില്‍, യേശുവിന്റെ വിശ്വാസമാണ് അവിടെ പരീക്ഷിക്കപ്പെട്ടത്.  എന്റെ പിതാവ് എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ എന്നും ഇത് സമര്‍പ്പിക്കാനും തിരികെയെടുക്കാനും തനിക്കു അധികാരം ലഭിച്ചിട്ടുണ്ട് എന്നും താന്‍ ഇത് സ്വമേധയാ സമര്‍പ്പിക്കുന്നതാണ് എന്നുമൊക്കെ അല്പം മുമ്പു പറഞ്ഞയാളാണ് ഇപ്പോള്‍ ഈ പാനപാത്രം അകന്നു പോകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതു.  ആ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ദൂതനെത്തി. ചോദിച്ച കാര്യം കിട്ടി എന്നറിയിക്കാനായിരുന്നില്ല ദൂതനെത്തിയത്.  ദൈവഹിതം അറിയിച്ചു ധൈര്യപ്പെടുത്താനായിരുന്നു ദൂതന്റെ വരവ്.  രാത്രിയില്‍ എന്തോ കണ്ടു പേടിച്ചു നിലവിളിച്ചെത്തിയ മകനെ ചേര്‍ത്തു പിടിച്ചു പേടിക്കണ്ട മോനേ, പിശാചാ എന്ന് പറഞ്ഞു ധൈര്യപ്പെടുത്തിയ മുത്തശ്ശിക്കഥയിലെ അമ്മയെ ഓര്‍മ്മിപ്പിക്കുന്നുവോ ഈ ദൂതന്റെ വരവ്?  വ്യത്യാസമുണ്ട്.  ശക്തിപ്പെടുത്താനാണ് ദൂതന്‍ എത്തിയതു(ലൂക്കാ.22/43)  പരീക്ഷിക്കപ്പെട്ടത് വിശ്വാസത്തിലെങ്കില്‍ ശക്തിപ്പെടുത്തിയതും അവിടെ തന്നെ.  വിശ്വാസം ശക്തിപ്പെടുമ്പോള്‍ ദൈവഹിതം കൂടുതല്‍ വ്യക്തമായി അറിയും.  ഈ അറിവു ബുദ്ധിയുടെയോ യുക്തിയുടെയോ തലത്തിലുള്ള ഒരറിവല്ല;  അതൊരു ബോദ്ധ്യമാണ്.  ഒന്ന് ദൈവഹിതമാണെന്ന് അറിയുക എന്നാല്‍ അതിനു ആമ്മേന്‍ പറയുക എന്നതില്‍ നിന്നു വ്യത്യസ്തമല്ല.  ഇങ്ങനെ സമര്‍പ്പിതനായ വ്യക്തി രൂപാന്തരപ്പെട്ട വ്യക്തിയാണ്.  എന്തിനെയും നേരിടാനുള്ള കരുത്തും ധൈര്യവുമായിട്ടായിരിക്കും അയാള്‍ കമഴ്ന്നു വീണിടത്തുനിന്നു എഴുന്നേല്‍ക്കുന്നത്‌.

പ്രാര്‍ത്ഥന ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്രയേറെ ശ്രദ്ധിച്ച യേശുവിനു മൂന്നു തവണ ആവര്‍ത്തിക്കേണ്ടി വന്നെങ്കില്‍ നമുക്കും ഒഴിവുണ്ടാവില്ല.  ഇവിടെയാണു വിധവയുടെയും നീതിരഹിതനായ ന്യായാധിപന്റെയും ഉപമ നമുക്ക് പ്രസക്തമാകുന്നത്.  നമ്മുടെ പ്രാര്‍ത്ഥനയുടെ ഓരോ ആവര്‍ത്തനവും വിശ്വാസത്തില്‍ വളരാന്‍ കാരണമാകണം;  അവസാനം നാം പ്രാര്‍ത്ഥിക്കുന്ന വിഷയത്തെ കുറിച്ചുള്ള ദൈവഹിതം അറിയുവോളം,  അതിലേക്കു സ്വയം സമര്‍പ്പിക്കുവോളം. അപ്പോള്‍ സംഭവിക്കുന്നതു വിശ്വാസത്തിലുള്ള ഒരു കുതിച്ചു ചാട്ടമായിരിക്കും. അതാണു ഭഗ്നാശനാകാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ സംഭവിക്കുന്നത്‌.  അപ്പോള്‍ ഇത്തരം പ്രാര്‍ത്ഥന വിശ്വാസത്തില്‍ വളരാന്‍ നമുക്ക് ഏറെ പരിശീലനം തരും. ഇനി നമുക്ക്  യേശു ആ ഉപമ പറഞ്ഞവസാനിപ്പിക്കുന്ന വചനത്തിലേക്കു വരാം.  എങ്കിലും മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?  ഇതുവരെ ഈ ഉപമയുമായി ബന്ധമില്ലാത്തതെന്നു തോന്നിച്ചിരുന്ന ഈ വചനം ഈ ഉപമയുടെ കാതലാണെന്നു തിരിച്ചറിയാനായെങ്കില്‍ ഈ ഉപമ നിങ്ങള്‍ക്കു പിടികിട്ടി.

Comments

  1. Chetta, this was a topic which I was struggling to wrap my head around for some time now...

    ReplyDelete

Post a Comment