വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയ രഹസ്യം


  മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു 

യുഗങ്ങളുടെയും തലമുറകളുടെയും  ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്ന് തന്റെ വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു.  ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെ ഇടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കി കൊടുക്കാന്‍ അവിടുന്ന് തീരുമാനിച്ചു.  ഈ രഹസ്യമാകട്ടെ, മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതു തന്നെ.’ (കൊളോ. 1/26,27)  ഈ വിശുദ്ധര്‍  ക്രിസ്തു ശിഷ്യര്‍ - ക്രിസ്ത്യാനികള്‍ തന്നെ.  രഹസ്യമാകട്ടെ മഹത്വത്തെകുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നമ്മളിലുണ്ട് എന്നതു തന്നെ.  ക്രിസ്തു നമ്മില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു(ഗലാ. 4/19) എന്നും കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കേണ്ടാവരാണു നാം (റോമാ.13/14) എന്നും നമ്മള്‍ ക്രിസ്തുവിന്റെ ശരീരമാണെന്നും ഓരോരുത്തരും അതിലെ അവയവങ്ങളാണെന്നും (1 കോറി.12/27) നമുക്കറിയാം.  എന്നാല്‍ എന്താണ് ഈ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു?

‘ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.’(ഉല്‍.1/27)  സത്തയില്‍ തന്നെ മനുഷ്യനു ദൈവത്തിന്റെ ഛായയുണ്ട്.  അതുകൊണ്ടു അത് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനും മനുഷ്യനു കഴിയും.  അതിനാല്‍ എല്ലാ മനുഷ്യരും ദൈവത്തിന്റെ ഛായ സംവഹിക്കുന്നു.  മറ്റു വാക്കുകളില്‍ പറഞ്ഞാല്‍,  മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ഈ ഛായയാണ്.  നിത്യതയില്‍ പ്രകാശിതനാകാനുള്ള കഴിവു മനുഷ്യനു കിട്ടുന്നതു ഈ ഛായയില്‍നിന്നാണ്‌.  അല്ലെങ്കില്‍ സൃഷ്ടപ്രപഞ്ചത്തോടൊപ്പം മനുഷ്യനും തീര്‍ന്നു പോയേനെ.  എന്നാല്‍, ഈ നേട്ടത്തെയും കഷ്ടമാക്കി മാറ്റുന്ന ഒരു പ്രശ്നവും ഇതില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.  അതറിയാന്‍ നമുക്ക് വീണ്ടും ഉല്പത്തിയിലേക്കു തിരിയാം.  ‘നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം.’(ഉല്‍.1/26)  ഇതാണു ദൈവത്തിന്റെ തീരുമാനം, കാര്യം സൃഷ്ടിച്ചപ്പോള്‍ ഛായ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും. അതായതു ഈ ഛായയോടൊപ്പം സാദൃശ്യത്തിനുള്ള സാദ്ധ്യതകൂടി മനുഷ്യനില്‍ ചേര്‍ത്തുവച്ചിട്ടുണ്ടെന്നു സാരം.  പിന്നീടു ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിച്ചു അവനെ ജീവനുള്ളവനാക്കുന്നു.(ഉല്‍.2/7 നോക്കുക.)  മറ്റു ജീവജാലങ്ങള്‍ക്കൊന്നിനും ഈ നിശ്വാസം കിട്ടിയിട്ടില്ല എന്നതില്‍ നിന്നും ഇതു സ്വാഭാവിക ജീവനുമായി ബന്ധപ്പെട്ട ഒന്നല്ല എന്ന് വ്യക്തം.  പിന്നീടു,  അരുതാത്ത പഴം തിന്നാല്‍ മരിക്കുമെന്നു പറയുന്നുണ്ടെങ്കിലും അത് തിന്നുമ്പോള്‍ സ്വാഭാവിക ജീവന്‍ നഷ്ടമാകുന്നതായി ഒട്ടു കാണുന്നുമില്ല.  അപ്പോള്‍ നഷ്ടമായത് ഈ ജീവനാണെന്നു വ്യക്തം.  എന്താണ് ആ നിശ്വാസം എന്നറിഞ്ഞിരുന്നെങ്കില്‍ എന്താണ് ആ ജീവനെന്നും നമുക്കറിയാന്‍ സാധിച്ചേനെ.  ഉയര്‍ത്തെണീറ്റ യേശു ശിഷ്യന്മാരുടെമേല്‍  നിശ്വസിച്ചുകൊണ്ടു പറഞ്ഞു നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.(യോഹ.20/22 നോക്കുക)  രക്ഷണീയ കര്‍മ്മം പൂര്‍ത്തിയാക്കി താന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്താലേ ഈ ആത്മാവു അയക്കപ്പെടുകയുള്ളൂ എന്നു യേശു മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ. (യോഹ.16/7 നോക്കുക)  അപ്പോള്‍ ഏദന്‍ തോട്ടത്തില്‍ നഷ്ടമായ പരിശുദ്ധാത്മാവിനെ  വീണ്ടും നിശ്വസിക്കാനാണ് യേശു വന്നതെന്നു വ്യക്തം.  ദൈവത്തിന്റെ സാദൃശ്യം എന്നതു യേശുക്രിസ്തുവാണെന്ന് കൊളോസോസ് 1/15 ല്‍  കാണാം.  ഈ സാദൃശ്യത്തെ, പുത്രത്വത്തെ മനുഷ്യനില്‍ രൂപപ്പെടുത്തുന്നതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്.  ദൈവസാദൃശ്യത്തെ മനുഷ്യനില്‍ രൂപപ്പെടുത്താനുള്ള കഴിവാണ് പരിശുദ്ധാത്മാവെന്നും ആദ്യപാപത്തോടെ നഷ്ടമായത് അതാണെന്നും അതിനെയാണു മരണമെന്നു വിളിച്ചിരിക്കുന്നതെന്നും നാം മനസ്സിലാക്കുന്നു.  ദൈവസാദൃശ്യത്തിനുള്ള സാദ്ധ്യത നിശ്വസനത്തിലൂടെ കഴിവായി മാറുന്നു.  ആ കഴിവു നഷ്ടമായി സാദ്ധ്യത മാത്രമായി അവശേഷിക്കുന്നതു ദാഹമുണ്ട് കുടിക്കനൊന്നുമില്ല;  വിശപ്പുണ്ട് ശമിപ്പിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല എന്ന അവസ്ഥയാണ്.  ദൈവഛായ മൂലം നിത്യതയില്‍ നിലനില്‍പുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് നിത്യ ദാഹമായിത്തീരുന്നു.  അല്ലായിരുന്നെങ്കില്‍  പ്രപഞ്ചത്തോടൊപ്പമെങ്കിലും അതും തീരുമായിരുന്നല്ലോ.  ഇതാണ് ആദ്യപാപത്തോടെ മനുഷ്യകുലത്തിനു വന്നു ഭവിച്ച കഷ്ടത.  ആ മനുഷ്യരില്‍ നിശ്വാസം വീണ്ടും ഏറ്റുവാങ്ങിയ വിശുദ്ധരെ സംബന്ധിച്ചിടത്തോളം അവരില്‍ ക്രിസ്തു രൂപപ്പെടാന്‍ ആരംഭിച്ചു.  അതിന്റെ പൂര്‍ണ്ണതയില്‍ ദൈവമഹത്വത്തില്‍ പങ്കുചേരുമെന്നതിനാല്‍ വിശുദ്ധരില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്തു മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയാണ്.  അത് മറ്റുള്ളവരുടെ ഇടയില്‍ അതിശ്രേഷ്ടവുമാണ്.    ലോകാരംഭം മുതല്‍ മറഞ്ഞിരുന്ന ഈ രഹസ്യം യേശുവിന്റെ രക്ഷണീയ കര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തോടെ അതിനോട് സഹകരിച്ചവര്‍ക്കു വെളിവായിരിക്കുന്നു. 

‘സൃഷ്‌ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെ കാത്തിരിക്കുന്നു. അതു വ്യര്‍ഥതയ്ക്ക്‌ അടിമപ്പെട്ടിരിക്കുന്നു; സ്വന്തം ഇഷ്‌ടത്താലല്ല, പ്രത്യാശകൊടുത്ത്‌ അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം.  സൃഷ്ടി ജീര്‍ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും.  സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന്‌ ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം.’ (റോമാ 8 : 19-22)

Comments

Post a Comment