ആദ്യത്തെ ഒറ്റുകാരൻ

 

ബേത്സഥാ കുളക്കരയിലേക്കുള്ള യേശുവിന്റെ യാത്ര എന്തുകൊണ്ടും സവിശേഷത നിറഞ്ഞതായിരുന്നു.  ആരും വിളിക്കാതെ,  അപേക്ഷിക്കാതെ, വിശ്വാസം പ്രഖ്യാപിക്കാതെ യേശു സ്വമേധയ പോയതായിരുന്നു അങ്ങോട്ടു.  ആ കുളക്കരയിൽ‍ അനേകം രോഗികൾ വെള്ളത്തിന്റെ ഇളക്കവും പ്രതീക്ഷിച്ചു കിടപ്പുണ്ടായിരുന്നു.  എന്നാൽ‍ യേശു അവരെയാരെയും ശ്രദ്ധിച്ചതായേ തോന്നുന്നില്ല. അവിടുന്നു നേരെ ആ 38 വർഷമായി രോഗിയായി കിടന്നിരുന്ന ആളുടെ അടുത്തേക്കാണ് ചെന്നത്.  വെള്ളമിളകുമ്പോൾ‍ ആദ്യമേ തന്നെ കുളത്തിലിറങ്ങി സൗഖ്യം നേടാൻ‍ പോലും ആകാത്തവിധം രോഗഗ്രസ്തനായിരുന്നു അയാൾ.  യേശു അയാളെ സുഖപ്പെടുത്തി കിടക്കയുമെടുത്തു നടക്കാൻ‍ ആവശ്യപ്പെട്ടു. അവിടെ പ്രശ്നങ്ങൾ‍ ആരംഭിക്കുകയായി. കാരണം അന്നൊരു സാബത്തായിരുന്നു.  ‘ഇതുമൂലം അവനെ (യേശുവിനെ) വധിക്കാൻ‍ യഹൂദർ കൂടുതലായി പരിശ്രമിച്ചു’  എന്നതുവരെ എത്തി കാര്യങ്ങൾ.  സുവിശേഷത്തിലെ  അഞ്ചാം അദ്ധ്യായത്തിലെ ഒന്നു മുതൽ‍ പതിനെട്ടുവരെ വാക്യങ്ങളിലായി വി. യോഹന്നാന്‍ ആ സംഭവം വർണ്ണിക്കുന്നു.

ഇവിടെ സുഖം പ്രാപിച്ച ആളുടെ വ്യക്തിത്വം പഠനാർഹമാണ്.  തികച്ചും അപ്രസക്തമെന്നു നമുക്കു തോന്നാവുന്ന ഒരു ചോദ്യമാണ്  യേശു അയാളോട് ആദ്യമേ തന്നെ ചോദിക്കുന്നതായി കാണുന്നതു: ‘സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ?’ പക്ഷെ,  ആ ചോദ്യത്തിലൂടെ യേശു അയാളുടെ വ്യക്തിത്വത്തിലെ പുഴുക്കുത്തുകൾ‍പുറത്തു കൊണ്ടുവരുന്നു.  ‘തിന്നരുതു എന്നു ഞാൻ കല്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ?’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ആദ്യ മനുഷ്യൻ‍ കൊടുത്ത മറുപടിയെ അനുസ്മരിപ്പിക്കുന്നു അയാളുടെ ഉത്തരം.   ഉവ്വ് എന്നോ അല്ല എന്നോ ആയിരുന്നില്ല അയാളുടെ ഉത്തരം.  സ്വന്തം ഭാര്യയുടെയും അവളെ തന്ന ദൈവത്തിൻ്റെയും നേരേ വിരൽ ചൂണ്ടുന്നതായിരുന്നു എങ്കിൽ തന്നെ സഹായിക്കാത്ത സകലരെയും തനിക്കു മുമ്പേ കുളത്തിലിറങ്ങി സൗഖ്യം പ്രാപിച്ച മുഴുവൻ‍ പേരെയും പ്രതിയാക്കുന്നതായിരുന്നു ഇയാളുടെ ഉത്തരം.  ‘കർത്താവേ, വെള്ളമിളകുമ്പോൾ‍ എന്നെ കുളത്തിലേക്കിറക്കാൻ‍ ആരുമില്ല.  ഞാൻ '‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.’  പാപം മൂലം തകര്‍ന്ന,  ബന്ധങ്ങള്‍ വികലമായ വ്യക്തിത്വത്തിന്റെ നേര്‍ക്കാഴ്ച.  അല്ലെങ്കില്‍ പിന്നെ മുപ്പത്തിയെട്ടു വര്‍ഷമായി മാറാരോഗിയായിരുന്ന അയാളെ ഒന്നു അപേക്ഷിക്കപോലും ചെയ്യാതെ അങ്ങോട്ടു ചെന്നു സൗഖ്യപ്പെടുത്തിയ ആളിന്റെ പേരു പോലും അയാള്‍ക്ക്‌ അറിയാതെ പോയതെങ്ങിനെ?  തനിക്കു സൌഖ്യമായി.  സൌഖ്യമാക്കിയത് ആരായാലെന്ത്?  അതാണയാളുടെ നിലപാട്.

  ശിഷ്യന്മാരുടെ ഒരു സംശയത്തിന് അറിയാതെ നിമിത്തമായതുമൂലം  യേശുവിന്റെ ശ്രദ്ധയില്‍ പെടുകയും അങ്ങിനെ സൌഖ്യമാക്കപ്പെടുകയും ചെയ്ത ഒരു ജന്മനാ അന്ധന്റെ കാര്യം വി. യോഹന്നാന്‍ തന്നെ വര്‍ണ്ണിക്കുന്നുണ്ട് സുവിശേഷത്തിന്റെ ഒമ്പതാം അദ്ധ്യായത്തില്‍.  അയാളെക്കൂടി സമാന്തരമായി ഒന്നു പരിശോധിക്കുന്നത് കുളക്കരയില്‍ കിടന്നിരുന്നവനെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.  ജന്മനാ അന്ധന്റെ കണ്ണില്‍ ചെളിപുരട്ടി സീലോഹാ കുളത്തിലേക്കയക്കുകയാണ് യേശു ചെയ്തതു.  അവിടെ ചെന്നു കണ്ണു കഴുകിയപ്പോഴാണ് അയാള്‍ക്ക്‌ കാഴ്ച ലഭിച്ചത്. തന്നെ സൌഖ്യമാക്കിയവനെ അയാള്‍ കണ്ടിരിക്കയില്ല.  എങ്കിലും അയാള്‍ അറിഞ്ഞു അദ്ദേഹത്തിന്റെ പേരു യേശു എന്നാണെന്ന്.  തന്നെ സൌഖ്യമാക്കിയവന്‍ അയാള്‍ക്ക്‌ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു.  ആദ്യത്തെ ചോദ്യം ചെയ്യലില്‍ യേശു എന്ന മനുഷ്യന്‍ എന്നു മറുപടി പറഞ്ഞ അയാള്‍ അടുത്ത ചോദ്യം ചെയ്യലില്‍ അവിടുത്തെ പ്രവാചകനായി അവതരിപ്പിച്ചു.  ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും യേശു അയാളുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നു;  അയാള്‍ മനനം ചെയ്തിരുന്നു.  അതു അയാളെ കൂടുതല്‍ വെളിപാടിലേക്ക് നയിച്ചു.  മതത്തില്‍ നിന്നു പുറത്താക്കുമെന്ന് അറിഞ്ഞ അയാളുടെ മാതാപിതാക്കള്‍ കൈകഴുകി ഒഴിവായിട്ടും മൂന്നാമത്തെ ചോദ്യം ചെയ്യലില്‍ അയാള്‍ പ്രഖ്യാപിച്ചു യേശു ദൈവത്തില്‍ നിന്നുള്ളവനാണ് എന്നു.  അതിന്റെ പ്രത്യാഘാതങ്ങള്‍ കൈനീട്ടി വാങ്ങുകയും ചെയ്തു.  ഫലമോ?  യേശു നേരിട്ടുവന്നു തന്നെത്തന്നെ അയാള്‍ക്കു വെളിപ്പെടുത്തി.  അയാള്‍ രക്ഷകനെ നേരില്‍കണ്ട്‌ വിശ്വസിച്ചു; പ്രണമിച്ചു.  അയാള്‍ക്ക്‌ കാഴ്ചകിട്ടിയത്  യേശുവിനെ ദര്‍ശിക്കാനായിരുന്നു എന്നു നാമും തിരിച്ചറിയുന്നു. 

കുളക്കരയില്‍ കിടന്നിരുന്നവന്റെ അവസ്ഥ അറിഞ്ഞിരുന്ന യേശു അയാളെ സന്ദര്‍ശിക്കാനും എത്തുന്നുണ്ട്.  അവിടുന്നു അയാളോടു പറഞ്ഞു: ‘കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍  മേലില്‍ പാപം ചെയ്യരുത്.’  പിടിക്കപ്പെട്ട വ്യഭിചാരിണിയേയും ശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്തിയിട്ടു യേശു പറഞ്ഞത് ഇത് തന്നെ: ‘ഇനിമേല്‍ പാപം ചെയ്യരുത്.’  പാപമായിരുന്നു അയാളുടെ മുന്‍ അവസ്ഥയ്ക്കു കാരണമെന്ന വ്യക്തമായ സൂചന ഇവിടെയുണ്ട്.  അതിലേറെ ‘നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്ക്കല്‍ത്തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം.  അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു;  നീ അതിനെ കീഴടക്കണം.’ എന്നു സോദരഹത്യക്കു മുമ്പ് കായേനു മുന്നറിയിപ്പു കൊടുത്ത ദൈവത്തിന്റെ സ്വരം നാമിവിടെ കേള്‍ക്കുന്നു.  എന്തു ഫലം?  സാത്താന്‍ ആവസിച്ചു കഴിഞ്ഞ യൂദാസിനോട്‌  ‘നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക’ എന്നു യേശു പറഞ്ഞപ്പോള്‍ സംഭവിച്ചതു തന്നെ ഇവിടെയും.  ‘അവന്‍ പോയി, യേശുവാണ് തന്നെ സുഖപ്പെടുത്തിയതെന്നു യഹൂദരെ അറിയിച്ചു.’ 

യേശു നല്‍കിയ സൗഖ്യത്തിന് സാക്ഷ്യം പറയുകയല്ലായിരുന്നോ അയാള്‍ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അതുകൊണ്ട് അതൊന്നു വിശദമായി പരിശോധിക്കുന്നത് ഉചിതമായിരിക്കും.  യഹൂദരുടെ ചോദ്യത്തിനുത്തരം പറയാനാണ് അയാള്‍ വിവരം മനസ്സിലാക്കിയ ഉടനേ പുറപ്പെട്ടത്‌.  അവരുടെ ചോദ്യമെന്തായിരുന്നു?  ‘നിന്നെ സൗഖ്യപ്പെടുത്തിയവന്‍ ആര്‍?’ എന്നായിരുന്നു അവരുടെ ചോദ്യം എന്ന് ധരിച്ചു പോകുന്നതുകൊണ്ടാണ് പ്രശ്നം.  വചനം നോക്കാം.അവിടെ നാം കാണുന്നതിതാണ്. ‘അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്?’(യോഹ.5/12)  അതിനുത്തരം പറയാനാണയാള്‍ പോയതു. അവര്‍ അതന്വേഷിച്ചത് അവാര്‍ഡു കൊടുക്കാന്‍ വേണ്ടിയല്ലെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി ധാരാളം മതി.  ‘ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്’’ എന്ന് പറഞ്ഞുകൊണ്ടാണ് ആ സംഭാഷണം ആരംഭിക്കുന്നതെന്നോര്‍ക്കുക.  യേശുവാണ് അയാളെ സൗഖ്യപ്പെടുത്തിയതെന്നു തിരിച്ചറിഞ്ഞിട്ടും ഒരു നന്ദി വാക്ക് പോലും പറയാന്‍ അയാള്‍ മുതിര്‍ന്നില്ല എന്നതും ശ്രദ്ധിക്കുക.  യോഹന്നാന്റെ സുവിശേഷത്തില്‍ പാപം എന്നല്ലാതെ പാപങ്ങള്‍ എന്ന പ്രയോഗം കാണാനില്ല. ഈ പാപം എന്നതിന് യോഹന്നാന്‍ നല്‍കുന്ന അര്‍ത്ഥകല്പനയോ യേശുവിനെ സ്വീകരിക്കാതിരിക്കല്‍ അല്ലെങ്കില്‍ തള്ളിക്കളയല്‍  എന്നും.  അപ്പോള്‍ മേലില്‍ പാപം ചെയ്യരുത് എന്ന നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥതലം മാറുന്നു.  യേശുവിനെ അനുഗമിക്കാനായിരുന്നു അയാള്‍ക്ക്  സൗഖ്യം ലഭിച്ചതു;  എന്നാല്‍,  അയാള്‍ പോയതു ഒറ്റുകാരന്റെ വഴിയെ ആയിരുന്നു.  യേശുവിന്റെ ഒറ്റുകാരനാകുക എന്ന കൂടുതല്‍ മോശമായതു സംഭവിക്കാതിരിക്കാനായിരുന്നു യേശു അയാള്‍ക്കു മുന്നറിയിപ്പു കൊടുത്തതു.  അയാള്‍ കായേന്റെ മാര്‍ഗത്തില്‍ ചരിച്ചു.  മുപ്പതു വെള്ളിക്കാശിന്റെ കിലുക്കത്തില്‍ മതിമറന്നു പോയി യൂദാസ് എന്നു വേണമെങ്കില്‍ പറയാം.  ഒട്ടേറെ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും കിട്ടിയത് മുഴുവന്‍ പ്രായശ്ചിത്തമായി നല്‍കുകയും ചെയ്തു, അയാള്‍.  ഒരിക്കല്‍ ബേത്സഥാ കുളക്കരയില്‍ കിടന്നിരുന്ന ഇയാളോ?  ഇയാള്‍ എന്തിനിതു ചെയ്തു?

മേമ്പൊടി:

ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ക്കുവേണ്ടി:   അത്ഭുതകരമായ രോഗശാന്തി നേടി പുറത്തുവന്നു ആരിലൂടെയാണോ ദൈവം ആ അത്ഭുതം പ്രവര്‍ത്തിച്ചത് ആ ധ്യാനഗുരുക്കന്മാരേ തന്നെ കുറ്റം പറയുകയും സോഷ്യല്‍ മീഡിയായിലും മറ്റും വിമര്‍ശിക്കുകയും ചെയ്യുന്നവരെ കാണുന്നില്ലേ?  ബേത്സഥാ കുളക്കരയിലേ ആ ഒറ്റുകാരന്റെ ഏറ്റം പുതിയ വേര്‍ഷന്‍ ആണവര്‍.  ഓര്‍മ്മിക്കുക. മോശയുടെ നിയമം ലംഘിച്ചവന്‍ എന്നു യേശുവിനെ കുറ്റപ്പെടുത്താന്‍ യഹൂദര്‍ക്കുമുണ്ടായിരുന്നു കാരണം.







Comments