അബ്രഹാമിന്റെ ദൈവം ഇസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം

ദൈവത്തിനു ഇങ്ങനെയൊരു കെയര്‍ ഓഫ് അഡ്രസ്സ് വേണോ?

അനേക ദൈവങ്ങള്‍  മനുഷ്യരുടെ വിശ്വാസങ്ങളില്‍ ഉണ്ടായിരുന്ന കാലത്തു, പേരില്ലാത്ത തങ്ങളുടെ ദൈവത്തെ പ്രത്യേകമായി ചൂണ്ടിക്കാട്ടാനായാവണം  അബ്രഹാമിന്റെ ദൈവം എന്നും മറ്റുമുള്ള പ്രയോഗം ഇസ്രായേല്‍ക്കാര്‍ തുടങ്ങിയത്.  എന്നാല്‍, യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനിയുടെ ദൈവത്തിനു ഇങ്ങനെയൊരു കെയര്‍ ഓഫ് അഡ്രസ്സിന്റെ ആവശ്യമുണ്ടോ?  ഇല്ലെന്നു വ്യക്തം.  നമ്മെ സംബന്ധിച്ചിടത്തോളം മറിച്ചാണ്‌ കാര്യം.  നാം ഇവിടെ ദൈവത്തിന്റെ മുമ്പില്‍ ഏറ്റു പറയുകയാണ്‌, അബ്രഹാമും ഇസഹാക്കും യാക്കോബും നമ്മുടെ പൂര്‍വ്വ പിതാക്കളാണെന്നു.  ഈ ഏറ്റുപറച്ചിലിനു പുറകില്‍ ചില അവകാശപ്പെടലുകളും ഉണ്ട്.  അവര്‍ നമ്മുടെ  പിതാക്കന്മാരാണെങ്കില്‍  അവര്‍ക്കു ലഭിച്ച വാഗ്ദാനങ്ങളുടെ അവകാശികളും കൂടിയാണ് നാം.  ജനതകളുടെ ഇടയില്‍ നിന്നു ദൈവം വിളിച്ചു മാറ്റിനിര്‍ത്തിയ അബ്രാമിനെ വാഗ്ദാനങ്ങള്‍ നല്‍കി അബ്രഹാമാക്കി  ദൈവം.  അബ്രഹാമിനു അവകാശികള്‍ രണ്ടുണ്ടായിരുന്നു.  ഇസ്മായേലും ഇസഹാക്കും.  അതില്‍ ഇസഹാക്കിന്റെ അവകാശത്തിന്റെ പിന്‍തുടര്‍ച്ചയാണു നമുക്കുള്ളത്.  ഇസഹാക്കിനും അവകാശികള്‍ രണ്ടുണ്ടായിരുന്നു - എസാവും യാക്കോബും.  ഇവിടെ യാക്കോബിന്റെ അവകാശമാണു നാം പിന്‍പറ്റുന്നത്.  യാക്കോബിന് പന്ത്രണ്ടു മക്കളുണ്ടായിരുന്നെങ്കിലും അവര്‍ ഇസ്രായേലിന്റെ അവകാശത്തില്‍ ഒന്നുപോലെ പങ്കുപറ്റി ഒരു ജനമായി തീര്‍ന്നതിനാല്‍ അവകാശത്തില്‍ വ്യത്യാസമില്ല.  അബ്രഹാമിന്റെ പേരു മാത്രം പറയാതെ ഇസഹാക്കിന്റെയും യാക്കോബിന്റെയും പേരു പറയുന്നതിന്റെ കാരണം വ്യക്തമായല്ലോ.  അപ്പോള്‍ ഇനി അബ്രഹാമിന്റെ ദൈവം ഇസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം എന്നെല്ലാം പറഞ്ഞു പ്രാര്ത്ഥിക്കുന്നതിനു മുമ്പു ബൈബിള്‍ എടുത്തു ഇവര്‍ക്കു കിട്ടിയിട്ടുള്ള വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്നു ഒന്ന് പരിശോധിക്കുന്നതു നന്ന്.  നാം അവകാശപ്പെടുന്നതെന്താണെന്നും ആവശ്യപ്പെടുന്നതെന്താണെന്നും ഒരു ചുരുങ്ങിയ അറിവെങ്കിലും നമുക്കുണ്ടാകണമല്ലോ.  ഇതുകൂടി അറിഞ്ഞിരിക്കുക.  ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും ഭൂമിയിലെ പൂഴിപോലെയും ഉള്ള സന്തതി പരമ്പരകളുടെ വാഗ്ദാനം പേറിയിരുന്ന അബ്രഹാം മരിക്കുമ്പോള്‍ അവകാശിയായി വാര്‍ദ്ധ്യക്യത്തില്‍ ജനിച്ച ഒരു മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നെടുകെയും കുറുകെയും നടന്നു കുരിശുവരച്ച ഈ ഭൂമി അവകാശമായി കിട്ടുമെന്ന വാഗ്ദാനം കൈമുതലായുണ്ടായിരുന്ന അബ്രഹാമിനു തനിക്കും തന്റെ ഭാര്യക്കും അന്ത്യവിശ്രമത്തിനുള്ള മണ്ണു മാത്രമാണുണ്ടായിരുന്നത്.  എന്നാല്‍ വിശ്വാസത്തിലൂടെ അവന്‍ ഇതെല്ലാം സ്വന്തമാക്കി.  അതിനു കാരണക്കാരനായ സ്വന്തപുത്രന്‍ യേശുക്രിസ്തുവിനെ അവന്‍ കണ്ടാനന്ദിച്ചു. (യോഹ. 8/56 നോക്കുക)  യേശുക്രിസ്തുവിലൂടെ തന്റെ മക്കളായ നമ്മെയും അബ്രഹാം കണ്ടിരിക്കും.  എത്ര ശക്തമാണാ വിശ്വാസം?  ആ വിശ്വാസത്തിലും നമുക്കൊരു പങ്കു അവകാശമായുണ്ട്. 


Comments