ദൈവം ക്ഷമിക്കുമ്പോള്‍


മനുഷ്യന്‍ തെറ്റു ചെയ്തെങ്കില്‍ ദൈവം ക്ഷമിച്ചാല്‍ പോരാരുന്നോ?  പകരം യേശു കുരിശില്‍ തൂങ്ങി മരിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

വളരെ നിഷ്കളങ്കമായ ഒരു ചോദ്യം;  വളരെ കാര്യമാത്ര പ്രസക്തവും.  ആരെങ്കിലും ഈ ചോദ്യം നമ്മോടു ചോദിച്ചിരിക്കും.  അല്ലെങ്കില്‍ നമ്മുടെ ഉള്ളില്‍ തന്നെ ഈ ചോദ്യം ഉയര്‍ന്നു വന്നിരിക്കും.  അതിനുത്തരം തേടും മുമ്പേ ഉത്തരമറിയേണ്ട മറ്റൊരു ചോദ്യമുണ്ട്.  എന്താണ് ക്ഷമ?   നാം തന്നെ ജീവിതത്തില്‍ എത്രയോ തവണ ക്ഷമിക്കുകയും ക്ഷമ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കാം.  അതിലേറെത്തവണ ക്ഷമയെക്കുറിച്ചു സംസാരിച്ചിരിക്കും.  എങ്കിലും ഒരുപക്ഷെ, എന്താണു ക്ഷമ അല്ലെങ്കില്‍ ക്ഷമിക്കുമ്പോള്‍ എന്താണു സംഭവിക്കുന്നത്‌ എന്ന് നമുക്കു വേണ്ടപോലെ അറിയാമോ?  ക്ഷമിച്ചു എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ തീരുമാനിക്കുമ്പോള്‍ അല്ലെങ്കില്‍ പ്രതികാരം ഒന്നും ചെയ്യാത്തപ്പോള്‍ ക്ഷമിച്ചു എന്നാണു പലപ്പോഴും നാം കരുതാറു്.  ക്ഷമിക്കുമ്പോള്‍  എന്താണു സംഭവിക്കുന്നത്‌ എന്ന് വ്യക്തമാക്കാന്‍ ഒരു കഥ പറയാം.

എനിക്കു കോടീശ്വരനായ ഒരു സ്നേഹിതന്‍ ഉണ്ടെന്നിരിക്കട്ടെ.  ഒരു ദിവസം സാന്ദര്‍ഭീകമായി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയീ എന്ന് കരുതൂ.  അവിടെ ഒരു പളുങ്കു പാത്രം കണ്ടു ഞാന്‍ അതിനടുത്തേക്കു നീങ്ങുമ്പോള്‍ സ്നേഹിതന്‍ ഒരു മുന്നറിയിപ്പ് തന്നു, അത് സൂക്ഷിച്ചില്ലെങ്കില്‍ ഉടഞ്ഞുപോകും.  ഒട്ടേറെ വിലയുള്ളതുമാണ് അത്.  എങ്കിലും ഞാന്‍ അതെടുത്തു.  അബദ്ധവശാല്‍ അത് താഴെവീണു ഉടയുകയും ചെയ്തു എന്നും കരുതുക.  ഇനി എന്തു ചെയ്യും?  ഞാന്‍ മറ്റൊന്നു വാങ്ങിക്കൊടുക്കുകയോ അതിന്റെ വില കൊടുക്കുകയോ വേണം,  അല്ലേ?  പക്ഷെ എന്റെ സകല സമ്പാദ്യവും ഭാവിയില്‍ സമ്പാദിയ്ക്കാന്‍ സാദ്ധ്യതയുള്ളതും കൂടി കൂട്ടിയാലും  അതിന്റെ വിലയാകുകയില്ലെങ്കിലോ?   ഞാനും സ്നേഹിതനും തമ്മിലുള്ള ബന്ധത്തില്‍ അപരിഹാര്യമായ ഒരു മാറ്റം സംഭവിക്കും ഞാന്‍ മരിച്ചാലും അയാളുടെ കടക്കാരനായിരിക്കും.  അങ്ങിനെ ഒരു മാറ്റം ഉണ്ടാകാതിരിക്കണമെങ്കില്‍ ഇനി ഒരു മാര്‍ഗ്ഗമേയുള്ളു.  അയാള്‍ അത് ക്ഷമിക്കണം എന്നുപറഞ്ഞാല്‍ ആ തുക നഷ്ടപ്പെടാന്‍ അയാള്‍ നിരുപാധികം തയ്യാറാകണം.  ചുരുക്കിപ്പറഞ്ഞാല്‍,  പാത്രം പൊട്ടിപ്പോയ പരിതസ്ഥിതിയില്‍ അതിന്റെ നഷ്ടം ആരെങ്കിലും സഹിച്ചേ പറ്റൂ.

ഇനി നമുക്കു ആദ്യ ചോദ്യത്തിലേക്കുവരാം.  മനുഷ്യന്‍ തെറ്റ് ചെയ്തു.  അതിന്റെ ഫലം മരണമായിരുന്നു.  മനുഷ്യന്‍ അതേറ്റാല്‍ ഇല്ലായ്മയിലേക്ക്‌ പോകും. അത് സമ്മതമല്ലാതിരുന്ന ദൈവം ക്ഷമിക്കാന്‍ അതായതു മരണം ഏറ്റെടുക്കാന്‍ തയ്യാറായി.  പക്ഷേ,  ഒരു പ്രശ്നം.  ദൈവത്തിനു മരിക്കാനാവില്ല.  അതുകൊണ്ട് ദൈവം മനുഷ്യനായി. അതാണ്‌ യേശു ക്രിസ്തു.  അതെ,  ദൈവത്തിന്റെ ക്ഷമയാണ് യേശു.

മനുഷ്യാവതാരവും മരണവും  ദൈവത്തിന്റെ പ്രവൃത്തിയാണ്‌.  അനന്ത ജ്ഞാനിയും അനന്ത ശക്തനുമായ ദൈവത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും അനന്തമായിരിക്കാം.  അതില്‍ മനുഷ്യനു ഗ്രഹിക്കാവുന്നവ കുറവായിരിക്കാം.  എനിക്കു മനസ്സിലായിട്ടുള്ളതു ചുരുക്കവും.  അതിലൊന്ന് പറഞ്ഞെന്നു മാത്രം.


Comments

Post a Comment