ക്രിസ്തീയ ജീവിത മര്‍മ്മങ്ങള്‍


അത്മായർക്ക് അർപ്പിക്കാവുന്ന ദിവ്യബലി എന്നാണ് വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ജപമാലയെ വിശേഷിപ്പിച്ചിരിക്കുന്നത്.  രക്ഷാകര ചരിത്രത്തിന്റെ കൗദാശിക പുനരാവിഷ്കരണമാണല്ലോ ദിവ്യബലി.  ജപമാലയിലും രക്ഷാകര ചരിത്രം നമ്മുടെ മുമ്പിൽ പൂർണ്ണമായി ചുരുളഴിയുന്നു.  ധ്യാനാത്മകമായി  ജപമാല അർപ്പിക്കുന്ന ഓരോരുത്തരും രക്ഷാകര ചരിത്രത്തിലൂടെ  മുഴുവനായി കടന്നുപോവുകയാണ്. പരിശുദ്ധ മറിയത്തിന്റെ കാഴ്ചപ്പാടിലൂടെ രക്ഷാകര ചരിത്രത്തെ  മുഴുവൻ കാണാൻ സാധിക്കുന്നുവെന്നതാണ് ജപമാലയുടെ മറ്റൊരു പ്രത്യേകത.  രക്ഷാകര ചരിത്രത്തെ  ഏറ്റം  അടുത്തു നിന്നു കണ്ടയാൾ എന്ന സ്ഥാനം തീർച്ചയായും പരിശുദ്ധ കന്യാമറിയത്തിനു ഉള്ളതാണ്. അപ്പസ്തോല സ്ഥാനത്തുനിന്നു പൊഴിഞ്ഞുപോയ യൂദാസിന് പകരം മറ്റൊരാളെ  നിർദ്ദേശിക്കുവാൻ പത്രോസ് സഭയോട് ആവശ്യപ്പെടുമ്പോൾ  അയാൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും ചുരുങ്ങിയ യോഗ്യത പറഞ്ഞിരിക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കുക.  സ്നാപകയോഹന്നാനിൽ  നിന്നുള്ള സ്നാനം മുതൽ  സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങൾക്ക്  സാക്ഷിയായ ഒരാൾ എന്നതായിരുന്നു അത്. എന്നാൽ മറിയം ആകട്ടെ മറ്റാരും സാക്ഷി ഇല്ലാത്ത മംഗള വാർത്തയുടെ നിമിഷം മുതൽ ഇതിനെല്ലാം സാക്ഷിയാണു താനും.  അതിനാൽ മറിയത്തോടൊപ്പം രക്ഷാകര രഹസ്യങ്ങൾ ധ്യാനിക്കുന്നത് സവിശേഷമായ ഒരു അനുഭവമായിരിക്കും, തീർച്ച.

ഈ രഹസ്യങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് വ്യക്തമാവുന്ന ഒരു യാഥാർത്ഥ്യം ഇതാണ്.  യേശുവിൻറെ രക്ഷാകര കർമ്മങ്ങൾ നമ്മളിൽ അടിസ്ഥാനപരമായ വ്യത്യാസം ഉണ്ടാക്കിയിരിക്കുന്നു.  ദൈവത്തിന്റെ മക്കൾ അല്ലാതിരുന്ന നാം ദൈവത്തിന്റെ മക്കളായി മാറിയിരിക്കുന്നു.  യേശുവിന്റെ രക്ഷാകര കർമ്മങ്ങളോട്  നമ്മുടെ സമ്മതവും ഏറ്റുപറച്ചിലും  കൂട്ടിച്ചേർക്കുമ്പോൾ നമ്മിൽ സംഭവിക്കുന്നതു ഇതാണ്. ജ്ഞാനസ്നാനം നമ്മിൽ സമൂലമായ പരിവർത്തനം വരുത്തുന്നു എന്ന് സാരം.  എന്നാൽ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ചില ആചാരാഅനുഷ്ഠാനങ്ങളിലും വിശ്വാസ സംഹിതകളിലും  ഉള്ള വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ നമ്മുടെ ജീവിതത്തിൽ കാതലായ എന്ത് മേന്മയാണ് കാണുവാനുള്ളത്? എല്ലാവരിലും എന്നതുപോലെ  ഈ ലോകത്തിന്റെ സുഖങ്ങളും ദുഖങ്ങളും   മോഹങ്ങളും മോഹഭംഗങ്ങളും സ്വപ്നങ്ങളും നഷ്ട സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശകളും  എല്ലാം നമ്മെയും ഭരിക്കുന്നു, നയിക്കുന്നു.  എന്നാൽ കൂടുതൽ പൂർണ്ണതയുള്ള ഒരു ജീവിതത്തിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.  മറ്റു വാക്കുകളിൽ പറഞ്ഞാൽ എല്ലാ വിഭവങ്ങളും നിറഞ്ഞ ഒരു സദ്യ ദൈവം നമ്മുടെ മുൻപിൽ വിളമ്പി വെച്ചിരിക്കുന്നു.  സദ്യ ഉണ്ടാക്കാനും വിളമ്പാനും മാത്രമല്ല അത് വേണ്ടവിധം ആസ്വദിക്കാനും ആ വിഭവങ്ങളെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്.   അതുപോലെതന്നെ ക്രിസ്തീയ ജീവിതത്തിന്റെ മർമ്മങ്ങളെ കുറിച്ച്  അറിവുണ്ടെങ്കിലേ ക്രിസ്തീയ ജീവിതം വേണ്ട വിധം നയിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

ക്രിസ്തീയജീവിതത്തിന്റെ മർമ്മങ്ങളാണ് ജപമാലയിലെ രഹസ്യങ്ങളിൽ ഒളിച്ചിരിക്കുന്നത്. ഒരു ക്രിസ്ത്യാനിക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന സന്തോഷങ്ങളുടെ മർമ്മങ്ങൾ ആണ് ജപമാലയിലെ ആദ്യത്തെ അഞ്ച് രഹസ്യങ്ങളിൽ നമ്മൾ കാണുന്നത്. അതറിയാതെ നമ്മൾ എങ്ങനെയാണ് അവ ആസ്വദിക്കുന്നത്?  അതുപോലെ ഒരു ക്രിസ്ത്യാനിക്ക് ഒഴിവാക്കാനോ ഒളിച്ചോടാനോ കഴിയാത്ത ദുഃഖത്തിന്റെ മർമ്മങ്ങളും ജീവിതത്തിലുണ്ട്. അവയെ മനസ്സിലാകാത്തതുകൊണ്ട് അനാവശ്യമായി യുദ്ധം ചെയ്തു അങ്കലാപ്പിലായി നാം  ഊർജ്ജം നഷ്ടമാക്കുന്നു.   എന്നാൽ ഈ മർമ്മങ്ങൾ തിരിച്ചറിഞ്ഞാൽ അവയെ അതിജീവിക്കുന്നത് എങ്ങനെയെന്നും അവയുടെ സൽഫലങ്ങൾ സ്വന്തമാക്കുന്നതെങ്ങനെ എന്നും നമുക്ക്  പഠിക്കാനാകും.  അതുപോലെതന്നെ ക്രിസ്തീയ ജീവിതത്തിന്റെ മഹത്വം വെളിവാക്കുന്ന  മർമ്മങ്ങളും ഉണ്ട്.  അവയെ തിരിച്ചറിയാത്തതു കൊണ്ട് നാം നിരാശയ്ക്കും വ്യർത്ഥതാ ബോധത്തിനും അടിമപ്പെട്ടു പോകുന്നു.  ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രകാശത്തിന്റെ മർമ്മങ്ങൾ പ്രതിസന്ധികളിൽ ഉത്തരം തേടുന്ന  നമുക്ക്  സഹായകരമാകുന്നു.   മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജപമാല ചൊല്ലി തീർക്കേണ്ട ഒരു പ്രാർത്ഥനയല്ല മറിച്ച് ജീവിച്ച് പൂർത്തിയാക്കേണ്ട  ഒന്നാണ് എന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.

Comments

  1. ക്രിസ്തീയ ജീവിത മര്‍മ്മങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ തുടക്കമാണ് ഈ പേജില്‍ കോപ്പി ചെയ്തിരിക്കുന്നതു .

    ReplyDelete

Post a Comment